മരണാനന്തരം അവയവം ദാനം ചെയ്യാന്‍ തയ്യാറായവരുടെ എണ്ണത്തില്‍ സൗദി തലസ്ഥാനമായ റിയാദാണ് ഒന്നാം സ്ഥാനത്ത്. 1.42 ലക്ഷം പേരാണ് റിയാദില്‍ അവയവദാനത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് മക്ക പ്രവിശ്യയാണുള്ളത്. 1.15 ലക്ഷം പേരാണ് മക്ക പ്രവിശ്യയില്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയാണ് അവയവ ദാതാക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ പ്രവിശ്യയില്‍ മരണാനന്തര അവയവദാനത്തിന് തയ്യാറായത് 65000 പേരാണ്. അവയവദാനം നടത്താൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് നജ്‌റാനിലാണ്. 1500 ദാതാക്കളാണ് ഈ പ്രവിശ്യയില്‍ നിന്നും പേര് രജിസ്റ്റര്‍ ചെയ്തത്.
advertisement
അതേസമയം ചില കുടുംബങ്ങള്‍ തങ്ങളുടെ അംഗങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ അവയവദാനം എന്ന ആശയം നിരസിക്കാനുള്ള സാധ്യതയുണ്ടെന്ന് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ തലവന്‍ ഡോ.തലാല്‍ അല്‍-ഗൗഫി പറഞ്ഞു. സൗദിയിൽ അവയവം മാറ്റിവെയ്ക്കല്‍ പദ്ധതി ആരംഭിച്ചതുമുതല്‍ 2023 അവസാനം വരെ മരണപ്പെട്ടയാളുകളിൽ നിന്ന് 6000ൽ പരം അവയവങ്ങള്‍ ദാനം ചെയ്തതായി ഡോ. അല്‍-ഗൗഫി പറഞ്ഞു. ഏറ്റവും കൂടുതല്‍ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് മധ്യമേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത് ദമാമും ജിദ്ദയും ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജീവിച്ചിരിക്കുന്നവരില്‍ നിന്നും മരിച്ചവരില്‍ നിന്നും 2091ല്‍ പരം അവയവങ്ങളാണ് സൗദിയിൽ മാറ്റിവെയ്ക്കപ്പെട്ടത്. ഇതേകാലയളവില്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നും മരിച്ചവരില്‍ നിന്നുമായി 2037ല്‍ പരം രോഗികളാണ് അവയവങ്ങള്‍ സ്വീകരിച്ചത്. കൂടാതെ ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്ന് 1662ലധികം അവയവങ്ങള്‍ മാറ്റിവെയ്ക്കാന്‍ സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.