താഴെപ്പറയുന്ന നിയമലംഘനങ്ങൾ നടത്തിയതിന്റെ പേരിൽ കണ്ടുകെട്ടുന്നവാഹനങ്ങൾ 10,000 ദിർഹം അടച്ചതിനുശേഷം മാത്രമേ വിട്ടുനൽകൂ.
വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതിന്റെ വേഗത, ശബ്ദം, ഡ്രൈവിംഗ് സമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായാൽ അത് നിയമലംഘനമായി കണക്കാക്കും. പോലീസിന്റെ പരിശോധയ്ക്ക് വഴങ്ങാതിരിക്കുക, ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക എന്നിവയും ഗുരുതര നിയമലംഘനങ്ങളാണ്. വാഹനങ്ങളുടെ മത്സര ഓട്ടം സംഘടിപ്പിക്കുന്നതിനോ കാണുന്നതിനോ റോഡിൽ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനോ വേണ്ടി ഡ്രൈവർമാർ അനുമതിയില്ലാതെ ഒത്തുചേരുന്നതും നിയമലംഘനമാണ്. വാഹനത്തിന്റെ വിൻഡോയ്ക്ക് അനുവദനീയമായ ടിന്റ് ശതമാനം കവിയുകയോ അനുമതിയില്ലാതെ മുൻവശത്തെ വിൻഡ്‌ഷീൽഡിന് നിറം നൽകുകയോ ചെയ്താലും മൊത്തം ട്രാഫിക് പിഴ 6,000 ദിർഹം കവിഞ്ഞാലും പുതിയ ഭേദഗതി അനുസരിച്ച് നിയമലംഘനമാണ്. അങ്ങനെ വന്നാൽ ദുബായ് പോലീസിന് വാഹനം പിടിച്ചെടുക്കാൻ കഴിയും. കണ്ടുകെട്ടിയ വാഹനം ഉടമ ഈടാക്കിയ ട്രാഫിക് പിഴ അടച്ചതിന് ശേഷം മാത്രമേ വിട്ടുനൽകൂ.
advertisement
കാലാവധി അവസാനിച്ചതിന് ശേഷവും വാഹന ഉടമ പിടിച്ചെടുത്ത വാഹനത്തിന് അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ, ഇംപൗണ്ട്‌മെന്റ് കാലയളവിന്ശേഷമുള്ള ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടയ്‌ക്കാൻ ഉടമ ബാധ്യസ്ഥരായിരിക്കും.
വാഹനം വിട്ടുകിട്ടാൻ എന്തൊക്കെ ചെയ്യണം?
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വിട്ട് കിട്ടാൻ ട്രാഫിക് ഫയൽ അനുസരിച്ച് വാഹനത്തിന് നൽകേണ്ട എല്ലാ പിഴകളുടെയും പേയ്മെന്റ് നടത്തണം. ദുബായ് പോലീസ് നിർണ്ണയിക്കുന്ന മറ്റേതെങ്കിലും വ്യവസ്ഥകൾ ഉണ്ടെങ്കിൽ അതും പൂർത്തിയായാൽ മാത്രമേ വാഹനം വിട്ട് കിട്ടുകയുള്ളൂ.
നാടുകടത്തലും അധിക നടപടികളും
ദുബായിൽ പ്രാബല്യത്തിലുള്ള നിയമം നിർദ്ദേശിക്കുന്ന പിഴകൾക്കും നടപടികൾക്കും പുറമേ ഹെവി വെഹിക്കിൾ ഓടിക്കുന്ന യുഎഇ സ്വദേശിയല്ലാത്ത ഡ്രൈവർ ചുവന്ന സിഗ്നൽ ലൈറ്റ് മറികടന്ന് വാഹനം ഓടിച്ചാൽ അദ്ദേഹത്തെ യുഎഇയിൽ നിന്ന് നാടുകടത്താനും പുതിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
വാഹനം കണ്ടുകെട്ടിയ കാലയളവ് 90 ദിവസത്തിൽ കവിയുന്നില്ലെങ്കിലോ മുമ്പ് വാഹനം കണ്ടുകെട്ടിയ അതേ കുറ്റകൃത്യം സംഭവിച്ച് ഒരു വർഷത്തിനുള്ളിൽ വാഹനം വീണ്ടും കണ്ടുകെട്ടിയാലോ വാഹനത്തിന്റെ പിടിച്ചെടുക്കൽ കാലയളവ് ഇരട്ടിയായി കണക്കാക്കും. അതേ കുറ്റകൃത്യം നടന്ന് ഒരു വർഷത്തിനുള്ളിൽ വാഹനം വീണ്ടും കണ്ടുകെട്ടിയാൽ കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് നൽകേണ്ട തുക ഇരട്ടിയാക്കും. അതായത് റിലീസ് തുക 200,000 ദിർഹത്തോളം ആയേക്കാം.
