നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ വാദം. കാന്തപുരവുമായോ ഷെയ്ഖ് ഹബീബ് ഉമറുമായോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അബ്ദുല്‍ ഫത്താഹ് അവകാശപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫത്താഹിന്റെ അവകാശവാദങ്ങള്‍.
നിമിഷ പ്രിയയുടെ മോചനത്തില്‍ തനിക്ക് യാതൊരു ക്രെഡിറ്റും വേണ്ടെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില ആള്‍ക്കാര്‍ ക്രെഡിറ്റ് സമ്പാദിക്കാന്‍ വേണ്ടി എന്തൊക്കെയോ പറഞ്ഞുവെന്നും തനിക്ക് ആ ക്രെഡിറ്റ് വേണ്ടെന്നുമായിരുന്നു പാലക്കാട് നടന്ന എസ്എസ്എഫ് സാഹിത്യോത്സവത്തിന്റെ സമാപന ചടങ്ങില്‍ അദ്ദേഹം പറഞ്ഞത്. മോചനത്തിനായി യെമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹാഫിള് വഴി ഇടപെട്ടിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.
advertisement
തലാലിന്റെ മരണത്തില്‍ നീതി മാത്രമാണ് ആവശ്യമെന്നും മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്നുമായിരുന്നു തലാലിന്റെ സഹോദരന്‍ പറഞ്ഞിരുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി ഫത്താഹ് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജൂലൈ 28ന് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. മോചനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.