പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒമിനിൽ യാത്ര പോയ മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ (Wadi Flood) അകപ്പെടുകയായിരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല.
യൂസഫിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇവരുടെ യാത്ര. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒമാൻ സിവിൽ ഡിഫൻസ് വിഭാഗവും പ്രാദേശിക കൂട്ടായ്മകളും ചേർന്ന് കാണാതായ റംലയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
advertisement
മസ്കറ്റ്, അൽ ബത്തിന തീരദേശ മേഖലകളിൽ ഉൾപ്പെടെ പെയ്ത അതിശക്തമായ മഴയിൽ പലയിടത്തും റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയവരും താമസക്കാരുമായ 40-ലധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. അൽ ബുറൈമി, അൽ ദാഹിറ, മസ്കറ്റ്, അൽ ശർഖിയ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നൽകി. വിവിധ ഗവർണറേറ്റുകളിൽ സിവിൽ ഡിഫൻസ് സംഘം ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
