മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേനയോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഗതാഗത വകുപ്പ്, സര്‍ക്കാര്‍ ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയോ പിഴ അടയ്ക്കാൻ സാധിക്കും. കൂടാതെ 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഗതാഗത നിയമലംഘനങ്ങളിലെ പിഴ തുകയിൽ 50% ഇളവ് നൽകാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആളുകളെ എത്രയും വേഗം പിഴത്തുക അടച്ചു തീർക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇളവ് നൽകുന്നത്.
രാജ്യത്ത് മൂന്ന് വർഷത്തിനുള്ളിൽ നടത്തിയ നിയമലംഘനങ്ങൾക്കായിരിക്കും ഈ ഇളവ് ലഭിക്കുക. അതോടൊപ്പം മെയ് 22 മുതൽ ഖത്തറിലെ വാഹന ഉടമകൾക്ക് രാജ്യം വിടുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ് ലഭിച്ചിരിക്കണം. ഈ പെർമിറ്റ് ലഭിക്കുന്നതിന് വാഹനങ്ങൾക്ക് ട്രാഫിക് നിയമ ലംഘനമോ പിഴയോ ഉണ്ടായിരിക്കരുത്. വാഹനം കൊണ്ടുപോകുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കണം. കൂടാതെ പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിന്റെ ഉടമയായിരിക്കണം.
advertisement
അല്ലെങ്കിൽ വാഹനം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉടമയുടെ സമ്മതരേഖയോ മറ്റു തെളിവുകളോ ഹാജരാക്കണം. എന്നാൽ ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെയും ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങളെയും വെഹിക്കിള്‍ എക്‌സിറ്റ് പെര്‍മിറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ പെർമിറ്റ് ലഭിച്ചില്ലെങ്കിൽ രാജ്യത്തിന് പുറത്തുള്ള വാഹനങ്ങളുടെ ഉടമകൾ ഖത്തർ നമ്പർ പ്ലേറ്റുകൾ 90 ദിവസത്തിനകം തിരികെ നൽകണം. അല്ലാത്തപക്ഷം വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും.
ഇതിന് പുറമേ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് മുൻപ് വിദേശ വാഹനങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥയും ഉണ്ട്. 30 ദിവസത്തിനകം ഇത് ചെയ്യാത്തവർ ലൈസൻസ് നമ്പര്‍ പ്ലേറ്റുകൾ തിരികെ നൽകുകയും പിഴയടക്കേണ്ടി വരികയും ചെയ്യും. അതേസമയം മെയ് 22 മുതൽ, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാത ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡെലിവറി, മോട്ടോർസൈക്കിൾ റൈഡർമാർ ശരിയായ പാത ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജംഗ്ഷനുകൾക്ക് കുറഞ്ഞത് 300 മീറ്റർ മുമ്പായി ലെയ്ൻ മാറ്റവും അനുവദിക്കുന്നതാണ്.