രാജ്യത്തുടനീളം നടത്തിയ സംയുക്ത ഓപ്പറേഷനുകളില്‍ താമസ നിയമലംഘനം നടത്തിയ ഏകദേശം 14,000 പേരെയും അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയ 46,00 പേരെയും തൊഴില്‍ നിയമ ലംഘനം നടത്തിയ 3000 പേരെയും ഉള്‍പ്പെടെ 21,000 പേരെ അധികൃതര്‍ പിടികൂടി അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇത് കൂടാതെ, യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനായി 27,000 പേരെ അതാത് നയതന്ത്ര സ്ഥാപനങ്ങളിലേക്ക് അയച്ചതായും 2300 പേരെ നാടു കടത്തുന്നതിനുള്ള യാത്രാ ക്രമീകരണങ്ങള്‍ ചെയ്തു വരികയാണെന്നും മന്ത്രാലയം അറിയിച്ചു.
advertisement
നടപടികള്‍ക്കിടെ സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1477 പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഇതില്‍ 41 ശതമാനം പേര്‍ യെമന്‍ പൗരന്മാരും 55 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും നാല് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 90 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
രേഖകളില്ലാത്ത പ്രവാസികളെ ഒപ്പം പാര്‍പ്പിക്കുകയോ കടത്തുകയോ ജോലി നല്‍കുകയോ ചെയ്ത 18 പേരെയും അധികൃതര്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രവാസികൾക്ക് നിയമവിരുദ്ധമായി താമസ സൗകര്യം ഒരുക്കുന്നതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം സൗദി റിയാലും പിഴയുമാണ് ശിക്ഷ. കൂടാതെ, നിയമലംഘകരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും കഠിനമായ ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ കുറ്റകൃത്യങ്ങളെ അറസ്റ്റ് നടപടികള്‍ സ്വീകരിക്കേണ്ട പ്രധാന കുറ്റകൃത്യമായി തരംതിരിച്ചിട്ടുണ്ടെന്നും പൊതു വിശ്വാസ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വിവിധ പ്രദേശങ്ങള്‍ക്കായി പ്രത്യേക നമ്പറുകള്‍ നല്‍കണമെന്നും താമസക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ 31,000 പുരുഷന്മാരും 3000 സ്ത്രീകളുമുള്‍പ്പെടെ 34,000 വിദേശ പൗരന്മാര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.