ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ ശാരീരിക- മാനസികപീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതും വായിക്കുക: ജോലി തേടി ഒമാനിൽ പോയി നാലാംനാൾ കരിപ്പൂരിൽ മടങ്ങിയെത്തിയ സൂര്യയെ സ്വീകരിക്കാൻ ആളെത്തിയത് 2 കാറിൽ
ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
advertisement
അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പൊലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെട്ടിരുന്നു. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറഞ്ഞിരുന്നു.