2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ഷേയ്ഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ്. തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടക മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
യുഎഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ാമത് അബുദാബി ഭരണാധികാരിയുമായാണ് 61കാരനായ ഷേയ്ഖ് മുഹമ്മദ് നിയമിതനായിരിക്കുന്നത്. ഷേയ്ഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂം പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും അറിയിച്ചു.
ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് തന്റെ സഹോദരന്മാരും എമിറേറ്റ്സിലെ സുപ്രീം കൗൺസിൽ അംഗങ്ങളും ഭരണാധികാരികളും തന്നിൽ അർപ്പിക്കുന്ന വിലയേറിയ വിശ്വാസത്തിന് നന്ദി അറിയിച്ചു. ഈ മഹത്തായ വിശ്വാസത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്നതിനും നിറവേറ്റുന്നതിനും തന്നെ നയിക്കാനും സഹായിക്കാനും സർവ്വശക്തനോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2004 നവംബർ രണ്ടിനാണ് യുഎഇയുടെ പിതാവ് ഷേയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വേർപാടിനു ശേഷം ഒരു ദിവസം കഴിഞ്ഞ് ഷേയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്. ഷേയ്ഖ് ഖലീഫയുടെ വിയോഗത്തെതുടർന്ന് യുഎഇ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങൾക്കും ഇന്നുമുതൽ മൂന്നു ദിവസമാണ് ഔദ്യോഗിക അവധി. 17ന് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.