ഇന്ത്യ സന്ദര്‍ശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
''ഇന്ന് നടന്ന യോഗത്തില്‍ ദുബായില്‍ ഒരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്(ഐഐഎം) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചു. ദുബായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്(ഐഐഎഫ്ടി) ആരംഭിക്കുന്നതിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു,'' മന്ത്രി പിയൂഷ് ഗോയല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
advertisement
''ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ ഐഐഎംഎ ദുബായ് ബ്രാഞ്ച് കാംപസ് ആരംഭിച്ച് ഞങ്ങളുടെ ആഗോള സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്,'' ഐഐഎം അഹമ്മദാബാദ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഐഐഎംഎ ഡയറക്ടര്‍ പ്രൊഫസര്‍ ഭാരത് ഭാസ്‌കറും ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ എച്ച്ഇ ഹെലാല്‍ സയീദ് അല്‍മാരിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചു.
ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ സ്ഥാപിക്കുന്ന ഐഐഎംഎ കാംപസ് ഈ വര്‍ഷം അവസാനത്തോടെ രണ്ട് ഘട്ടങ്ങളായി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതനാശയങ്ങളും മികവും പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ അക്കാദമിക് വിഭവങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ദുബായ് കാമ്പസിലെ മുഴുവന്‍ സമയ, ഒരു വര്‍ഷത്തെ എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഇതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജിമാറ്റ് അല്ലെങ്കില്‍ ജിആര്‍ഇ സ്‌കോര്‍ ആവശ്യമാണ്.
ഐഐഎമ്മിന് ഇന്ത്യയിലുടനീളം 21 കാംപസുകളാണ് ഉള്ളത്. ഇവിടത്തെ അക്കാദമിക് നിലവാരം പ്രശസ്തമാണ്. ആഗോളതലത്തില്‍ മികച്ച 100 ബിസിനസ് സ്‌കൂള്‍ റാംങ്കിംഗുകളിലും ഐഐഎമ്മുകള്‍ പതിവായി ഉള്‍പ്പെടാറുണ്ട്.
1962ല്‍ സ്ഥാപിതമായ ഡല്‍ഹി ആസ്ഥാനമായ ഐഐഎഫ്ടിയുടെ കാംപസ് ദുബായില്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കാംപസുകളുടെയും സ്ഥലങ്ങളും ഉദ്ഘാടന തീയതികളും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.
2024ല്‍ അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) കാംപസ് ആരംഭിച്ചിരുന്നു.