ആരോഗ്യം, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ടെലികമ്യൂണിക്കേഷന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന മേഖലകളില്‍ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഐഡന്റിറ്റി വേരിഫിക്കേഷന്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സാധ്യമാകും. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് കരുതുന്നത്.
ഡിജിറ്റല്‍ മേഖലയില്‍ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടും ഫിസിക്കലായ ഐഡി കാര്‍ഡുകളെ ആശ്രയിക്കുന്നത് സംബന്ധിച്ച് എഫ്എന്‍സി അംഗമായ ഡോ. അദ്‌നാന്‍ ഹമദ് അല്‍ ഹമ്മതി ആശങ്ക പങ്കുവെച്ചിരുന്നു. ഈയടുത്ത് നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ(എഫ്എന്‍സി) സമ്മേളനത്തിലാണ് പുതിയ സംവിധാനം വരുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
advertisement
''ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിനായി രൂപ കല്‍പ്പന ചെയ്ത സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതില്‍ യുഎഇ അസാധാരണമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് വെല്ലുവിളിയുയര്‍ത്തുന്നു. ഇത് ഡിജിറ്റല്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഫലപ്രാപ്തി ദുര്‍ബലമാക്കുന്നു,'' ഡോ. അല്‍ ഹമ്മദി പറഞ്ഞു.
ഡോ. അല്‍ ഹമ്മദിയുടെ ചോദ്യത്തിന് ആരോഗ്യ-പ്രതിരോധ മന്ത്രിയും എഫ്എന്‍സി കാര്യ സഹമന്ത്രിയുമായ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യില്‍ നിന്ന് രേഖാമൂലമുള്ള മറുപടി നല്‍കി.
യുഎഇ ഇതിനോടകം തന്നെ നിരവധി സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ ഐഡി സേവനങ്ങള്‍ സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഐസിപി അറിയിച്ചു. നിലവില്‍ ഒരു ഏകീകൃത ബയോമെട്രിക് സംവിധാനം പൂര്‍ണതോതില്‍ നടപ്പിലാക്കാനായി പ്രവര്‍ത്തിച്ച് വരികയാണ്. ഔദ്യോഗിക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫേഷ്യല്‍ റെകഗ്നിഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുന്നതായി ഐസിപി വ്യക്തമാക്കി.
പരമ്പരാഗത ഐഡി കാര്‍ഡുകള്‍ക്ക് പകരമായി കര്‍ശനമായ ഡാറ്റാ പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോളും റിസ്‌ക്-മാനേജ്ഡ് ചട്ടക്കൂടും ഉള്‍പ്പെടുന്ന സുരക്ഷിതവും വിശ്വസനീയവുമായ ഒന്നായി ഈ ഡിജിറ്റല്‍ സംവിധാനം മാറുമെന്ന് ഐസിപി ഊന്നിപ്പറഞ്ഞു. പുതിയ സംവിധാനത്തിന് പൊതു സ്വീകാര്യത ഉറപ്പാക്കുന്നതിന് പൊതു, സ്വകാര്യ മേഖലകളിലുടനീളമുള്ള പ്രധാന പങ്കാളികളുമായി അതോറിറ്റി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സ്മാര്‍ട്ട് ഗവേണന്‍സില്‍ യുഎഇയുടെ ആഗോള മേധാവിത്വം നിലനിര്‍ത്തുന്നതിനുമായാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആരോഗ്യം, സാമ്പത്തിക സേവനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.
ഡിജിറ്റല്‍ ഗവേണന്‍സ് വികസനത്തില്‍ യുഎഇ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 13-ാം സ്ഥാനത്തുമാണുള്ളത്. ഇതിന് പുറമെ സമീപ വര്‍ഷങ്ങളിൽ വിവിധ മേഖലകളിലായി 100ലധികം ഇ-സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.