ചെറു മകളുടെയും മകൾ വിപഞ്ചികയുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകണമെന്നാണ് അമ്മ ഷൈലജയുടെ ആവശ്യം. സംസ്കാര ചടങ്ങുകൾ കേരളത്തിൽ വച്ച് ചെയ്യണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത് . കുഞ്ഞിന്റെ മൃതദേഹം ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6-ലെ സെമിത്തേരിയിൽ സംസ്‌കരിക്കാനുള്ള ചടങ്ങുകൾ പുരോഗമിക്കുന്നെന്നാണ് ഷൈലജയുടെ കത്തിൽ പറയുന്നത്.
സംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും, കേസിൽ കൂടുതൽ അന്വേഷണവും വിപഞ്ചികയുടെ കുടുംബത്തിന്റെ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ നിതീഷിന് കൈമാറാൻ കോടതി ഉത്തരവിട്ടത്. അച്ഛനെന്ന നിലയിൽ ഷാർജയിലെ നിയമപ്രകാരം കുഞ്ഞിന്റെ അവകാശം നിതീഷിനാണ്. ഇതിനെ തുടർന്നാണ്, നിതീഷും കുടുംബാംഗങ്ങളും ചേർന്ന് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്.
advertisement
വിപഞ്ചികയുടെയും ഒന്നര വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഇന്ന് പുലർച്ചെ യുഎഇയിലെത്തിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദ് ഇന്ന് രാത്രി 11 ന് കാനഡയിൽ നിന്ന് യുഎഇയിലെത്തും. വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കാര്യവും കത്തിൽ പറയുന്നുണ്ട്.
വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളുൾപ്പെടുത്തി ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയും സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കി കൊല്ലം കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവും വീട്ടുകാരും ചേർന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം.
2020 നവംബറിലാണ് കോട്ടയം സ്വദേശി നിതീഷ് വിവാഹം കഴിക്കുന്നത്. അതിന് പിന്നാലെ ഭര്‍തൃവീട്ടുകാരുടെ പീഡനം തുടങ്ങിയെന്നാണ് ആരോപണം.വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. വിപഞ്ചിക ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും ഫോണും കാണാതായതിനെപ്പറ്റി അന്വേഷിക്കണമെന്നും ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.