സൗദി അറേബ്യയിലെ അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധനായിരുന്നു അൽ ഖറാനി. ഖത്തറുമായുള്ള അറബ് രാജ്യങ്ങളുടെ അനുരഞ്ജനം പോലുള്ള പരിഷ്‌കാരങ്ങൾക്കും പ്രശ്‌നങ്ങൾക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. ഗാർഡിയന് ലഭ്യമായ കോടതി രേഖകൾ അനുസരിച്ച്, 65 കാരനായ നിയമ പ്രൊഫസറെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയെക്കുറിച്ച് ശത്രുതാപരമായ വാർത്തകൾ പങ്കിടാൻ വാട്ട്‌സ്ആപ്പും ട്വിറ്റർ അക്കൗണ്ടും ഉപയോഗിച്ചതാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. അതേസമയം ശിക്ഷയുടെ കാര്യത്തിൽ കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ലെന്നാണ് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
ട്വിറ്ററിൽ 2.2 ദശലക്ഷം ഫോളോവേഴ്‌സുള്ള അക്കൌണ്ടായിരുന്നു അൽ ഖറാനിയുടേത്. ജന്മനാടായ അബഹയിലെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലും റിയാദിലെ ഇമാം മുഹമ്മദ് ഇബ്‌നു സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലുമാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. 2017-ൽ ദക്ഷിണ സൗദി അറേബ്യയിലെ ജന്മനാട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സൗദി-ഫലസ്തീൻ സംഘർഷത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് പരിശീലകൻ കൂടിയാണ്. അദ്ദേഹം അറസ്റ്റിലായതോടെ മകൻ നാസർ യുകെയിലേക്ക് പലായനം ചെയ്തു, അവിടെ നിന്ന് അഭയം തേടുകയും പിതാവിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്യുന്നു.
അൽ-ഖറാനിയെക്കുറിച്ച് നിലവിൽ സൌദിയിൽ വിരുദ്ധ അഭിപ്രായമാണുള്ളത്. ഒരു വിഭാഗം അദ്ദേഹത്തെ ഒരു ബുദ്ധിജീവിയായി കണക്കാക്കുന്നു. എന്നാൽ ചിലർ അദ്ദേഹത്തെ വിഘടനവാദിയായും അപകടകാരിയായ ഒരു പ്രസംഗകനാണെന്നുമാണ് വിമർശിക്കുന്നത്. സ്വന്തം പേരിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായും വാട്‌സ്ആപ്പ് ചാറ്റ് ചെയ്തിട്ടുണ്ടെന്നും പിടിയിലായ ശേഷം ഇദ്ദേഹം കോടതിയിൽ സമ്മതിച്ചു.
ഒരു ആക്ടിവിസ്റ്റിന്റെ പോസ്റ്റുകൾ റീട്വീറ്റ് ചെയ്തതിന് പിഎച്ച്ഡി വിദ്യാർത്ഥിക്കും രണ്ട് കുട്ടികളുടെ അമ്മയ്ക്കും അടുത്തിടെ 34 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. അതേസമയം, സൗദി സർക്കാരും അവരുടെ സോവറിൻ വെൽത്ത് ഫണ്ടും സോഷ്യൽ മീഡിയ ഭീമൻമാരായ ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഉടമയായ മെറ്റാ എന്നിവയിൽ നിക്ഷേപം വർധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്.