വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, ചൈന സൈനിക ആവശ്യങ്ങൾക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഫൈറ്റർ എയർക്രാഫ്റ്റുകളുടെ വിപുലമായ ലാൻഡിംഗ് ഗ്രൗണ്ടായി ന്യോമ മാറുമെന്ന് സൈന്യം അറിയിച്ചു.
മുമ്പ് ചൈനയുമായുള്ള ഏറ്റുമുട്ടലിൽ സൈനികരെയും സാധനസാമഗ്രികളും എത്തിക്കുന്നതിനായി ന്യോമ എയർഫീൽഡ് ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകളും C-130J ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ഇവിടെ ഇറക്കിയിട്ടുണ്ട്.
“എഎൽജി (അഡ്വാൻസ്‌ഡ് ലാൻഡിംഗ് ഗ്രൗണ്ട്) യുദ്ധവിമാനങ്ങൾ ഇറക്കുന്നതിനായി ഉടൻ നവീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന് ആവശ്യമായ മിക്ക അനുമതികളും അംഗീകാരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്. നിലവിലെ പദ്ധതി അനുസരിച്ച്, പുതിയ എയർഫീൽഡിന്റെയും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങളും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) നിർവഹിക്കും," ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു.
advertisement
“യഥാർത്ഥ നിയന്ത്രണരേഖയോട് ചേർന്ന് നിൽക്കുന്നതിനാൽ ന്യോമ എഎൽജിക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. ലെഹ് എയർഫീൽഡും എൽഎസിയും തമ്മിലുള്ള നിർണായക വിടവ് ഇത് നികത്തും. കിഴക്കൻ ലഡാക്കിൽ സൈനികരെയും അവശ്യ വസ്തുക്കളും വേഗത്തിൽ എത്തിക്കാൻ ഇതുവഴി സാധിക്കും ” ന്യോമ എഎൽജിയുടെ പ്രാധാന്യം വിശദീകരിച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ അജയ് രതി പറഞ്ഞു.
Also read : മൂന്നാമതും അധികാരത്തിൽ എത്താൻ സാധ്യത: ഷി ജിൻപിംഗ് ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ചേക്കും
അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവിനെ ഇത് ശക്തിപ്പെടുത്തും. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കും. കിഴക്കൻ ലഡാക്കിൽ ദൗലത്ത് ബേഗ് ഓൾഡി (ഡിബിഒ), ഫുക്ചെ, ന്യോമ എന്നിവയുൾപ്പെടെ എൽഎസിയിൽ നിന്ന് ഏതാനും മിനിറ്റുകൾ മാത്രമുള്ള എയർഫീൽഡുകൾ വികസിപ്പിക്കുന്നതിനുള്ള ഒന്നിലധികം ഓപ്ഷനുകൾ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും എഎൻഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also read : ലഡാക്ക് സൈനിക വാഹന അപകടത്തിൽ മരിച്ചവരിൽ മലപ്പുറം സ്വദേശിയും
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങളെ നേരിടാൻ ഇന്ത്യ സുസജ്ജമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി അടുത്തിടെ പറഞ്ഞിരുന്നു. ആഗോള തലത്തിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ ശക്തമായ സൈന്യത്തിന്റെ ആവശ്യകതയാണ് കാണിക്കുന്നത്. എല്ലാത്തരം സുരക്ഷാ വെല്ലുവിളികളെയും എതിരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. എത്ര മോശം സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയർ ചീഫ് മാർഷൽ ചൗധരി വ്യക്തമാക്കിയിരുന്നു.
ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി രേഖയിൽ വിന്യസിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി അയൽരാജ്യത്തിന് സന്ദേശം അയച്ചിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തിരുന്നു.