എൻഎസ്‌യുഐയുടെ ജോസ്‌ലിൻ നന്ദിത ചൗധരിയെ പരാജയപ്പെടുത്തി എബിവിപിയുടെ ആര്യൻ മാൻ 28,841 വോട്ടുകൾ നേടി സർവകലാശാല യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ സെക്രട്ടറിയായി എബിവിപിയുടെ കുനാൽ ചൗധരി (23,779 വോട്ട്) ജോയിന്റ് സെക്രട്ടറിയായി ദീപക് ഝാ (21,825) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യക്ക് (NSUI) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയം നേടാൻ സാധിച്ചു. 29,339 വോട്ടുകൾ നേടിയ രാഹുൽ ഝാൻസ്‌ലയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച NSUI സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
advertisement
പ്രസിഡന്റ് സ്ഥാനത്തേക്ക് ഒൻപത് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ABVPയുടെ ആര്യൻ മാൻ, NSUIയുടെ ജോസ്ലീൻ നന്ദിത ചൗധരി, SFI-AISA സഖ്യത്തിലെ അഞ്ജലി എന്നിവരായിരുന്നു പ്രധാന സ്ഥാനാർത്ഥികൾ. അനുജ് കുമാർ, ദിവ്യാൻഷു സിംഗ് യാദവ്, രാഹുൽ കുമാർ, ഉമാൻഷി ലാംബ, യോഗേഷ് മീണ, അഭിഷേക് കുമാർ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ വർഷം, കോൺഗ്രസ് പിന്തുണയുള്ള NSUI ഏഴ് വർഷത്തിന് ശേഷം പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ നേടി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. അന്ന് ABVP വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ നേടി. NSUIയുടെ റൗണക് ഖത്രി, ABVPയുടെ റിഷഭ് ചൗധരിയെ 1,300-ൽ അധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്. 2017-ൽ റോക്കി ട്യൂസീദ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം NSUIയുടെ ആദ്യത്തെ പ്രസിഡന്റ് സ്ഥാനവിജയമായിരുന്നു അത്. അന്തരിച്ച നേതാവ് അരുൺ ജെയ്റ്റ്‌ലി, അജയ് മാക്കെൻ, അൽക്ക ലാംബ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവർ ഡിയു വിദ്യാർഥി യൂണിയനിൽ അംഗമായിരുന്നവരാണ്.