“ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു” എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് സന്ദേശത്തില്‍ പറഞ്ഞത്. ഹിന്ദി ഒരിക്കലും മറ്റൊരു ഇന്ത്യന്‍ ഭാഷയോടും മത്സരിക്കുന്നില്ല. എല്ലാ ഭാഷകളും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ശക്തമായ ഒരു രാജ്യം ഉയര്‍ന്നുവരുകയുള്ളൂവെന്നും അമിത് ഷാ ” പറഞ്ഞു.
advertisement
എന്നാൽ ”ഹിന്ദി തമിഴ്നാടിനെയും കേരളത്തെയും ഒന്നിപ്പിക്കുന്നത് എങ്ങനെയാണ്? ശാക്തീകരണം എവിടെ?” എന്ന് അമിത് ഷായുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.
‘ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു. പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’, ഹിന്ദി ഭാഷയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഹിന്ദി പഠിച്ചാല്‍ മുന്നേറാം എന്ന ആഹ്വാനത്തിന്റെ ഒരു ബദല്‍ രൂപമാണ് ഈ ആശയം. തമിഴ്നാട്ടില്‍ തമിഴ്, കേരളത്തില്‍ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? എവിടെയാണ് ശാക്തീകരിക്കുന്നത്?’ -ഉദയനിധി എക്‌സിൽ (ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു.
നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ സംസാരിക്കുന്ന ഹിന്ദി ഭാഷ രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണ്. ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണമെന്നും ഉദയനിധി വ്യക്തമാക്കി.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ഇന്ത്യയില്‍ ദേശീയ ഹിന്ദി ദിനമായാണ് ആചരിക്കുന്നത്. 1949 സെപ്റ്റംബര്‍ 14 നാണ് ഇന്ത്യന്‍ ഭരണഘടന ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്. ഇതിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും ഇതേ ദിവസം ദേശീയ ഹിന്ദി ദിവസമായി ആചരിക്കുന്നത്. ഏകദേശം 425 ദശലക്ഷം ആളുകള്‍ അവരുടെ ഒന്നാം ഭാഷയായി ഹിന്ദിയും 120 ദശലക്ഷം ആളുകള്‍ രണ്ടാം ഭാഷയായി ഹിന്ദിയും സംസാരിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്.
ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഹിന്ദി പ്രധാനമായും സംസാരിക്കുന്നത്. രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൗറീഷ്യസ്, നേപ്പാള്‍, ഫുജി, സുരിനാം, ഗയാന, ട്രിനിഡാഡ്, ടൊബാഗോ എന്നിവിടങ്ങളിലും ഹിന്ദി സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന പട്ടികപ്പെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി. രാജ്യത്ത് ഇംഗ്ലീഷ് ഭാഷയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും പ്രചാരവും കുറയ്ക്കുക എന്നതാണ് ഹിന്ദി ദിനം ആഘോഷിക്കുന്നതിന് പിന്നിലെ പ്രധാന കാരണം.