'ഉദയിനിധി മഹാരാഷ്ട്രയില്‍ കാലുകുത്തിയാല്‍ രണ്ട് കാലില്‍ തിരിച്ച് പോകില്ല'; സനാതന ധര്‍മ്മ വിവാദത്തില്‍ ബിജെപി നേതാവ്
- Published by:Sarika KP
- news18-malayalam
Last Updated:
മഹാരാഷ്ട്രയില്‍ ഉദയനിധി കാലുകുത്തിയാല്‍ രണ്ട് കാലില്‍ തിരിച്ചുപോകില്ലെന്നാണ് റാണെയുടെ പരാമര്‍ശം.
തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും നാരായണ്‍ റാണെയുടെ മകനുമായ നിതീഷ് റാണേ. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് ഉദയനിധി നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. മഹാരാഷ്ട്രയില്‍ ഉദയനിധി കാലുകുത്തിയാല്‍ രണ്ട് കാലില്‍ തിരിച്ചുപോകില്ലെന്നാണ് റാണെയുടെ പരാമര്‍ശം.
അതേസമയം ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പോലീസ് കേസെടുത്തിട്ടുണ്ട്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് ഉദയനിധി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രദേശവാസി നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
” കോടതിയിലേക്ക് അദ്ദേഹമെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. ധൈര്യമുണ്ടെങ്കില്‍ ഇവിടെ കാലുകുത്തൂവെന്ന് വെല്ലുവിളിക്കുകയാണ്. ഞങ്ങളുടേതായ രീതിയില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ. ഞങ്ങളും കാത്തിരിക്കുന്നു. ഇനിയൊരാളും ഹിന്ദു ധര്‍മ്മത്തിനെതിരെ വായ തുറക്കാന്‍ ധൈര്യപ്പെടരുത്. അങ്ങനെയുള്ളവര്‍ മഹാരാഷ്ട്രയില്‍ കാലുകുത്തിയാല്‍ രണ്ട് കാലില്‍ തിരിച്ച് പോകില്ല,” എന്നായിരുന്നു റാണെയുടെ ഭീഷണി.
advertisement
Also read-‘സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട്’: സനാതന ധർമ വിവാദത്തിൽ ഉദയനിധിക്ക് പിന്തുണയുമായി കമൽഹാസൻ
”ഹിന്ദു ധര്‍മ്മത്തിനെതിരെയുള്ള ഇത്തരം പ്രസ്താവനകളെല്ലാം കേട്ട് സഹിച്ചിരിക്കുന്നത് എന്തിനാണ്? ഇതേ പ്രസ്താവനകള്‍ ഇസ്ലാം, പ്രവാചകന് എന്നിവര്‍ക്കെതിരെ പറഞ്ഞാല്‍ എന്താകും സ്ഥിതി? എന്താണ് നുപൂര്‍ ശര്‍മ്മാജിയ്ക്ക് പറ്റിയത്? അവരെ കൊല്ലുമെന്ന് വരെ ഭീഷണിയുയര്‍ന്നു. അവരുടെ തലയരിയുമെന്ന് വരെ ചിലര്‍ ഭീഷണി മുഴക്കി. സനാതന ധര്‍മ്മം നിര്‍മ്മാര്‍ജനം ചെയ്യണമെന്നുള്ള ഇത്തരം പ്രസ്താവനകള്‍ ഹിന്ദുക്കള്‍ എന്തിനാണ് കേട്ട് സഹിച്ചിരിക്കുന്നത്?,” അദ്ദേഹം പറഞ്ഞു.
advertisement
വിവാദ പരാമര്‍ശം
സെപ്റ്റംബര്‍ 3ന് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതന ധര്‍മ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയുമായി ഉപമിച്ച അദ്ദേഹം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു . ഇത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. താന്‍ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ ശീലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ഞാന്‍ പറയുന്നതില്‍ എല്ലാം ഞാന്‍ എപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഞാന്‍ അത് ആവര്‍ത്തിച്ച് പറയുന്നു. ഞാന്‍ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ‘സനാതന്‍’ എന്നതിനെക്കുറിച്ച് മാത്രമാണ് ഞാന്‍ സംസാരിച്ചത്. അവര്‍ പിന്തുടരുന്ന ആചാരങ്ങള്‍ക്കെതിരെ തീര്‍ച്ചയായും നിലകൊള്ളുന്നു. ഞാന്‍ പറഞ്ഞതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല ‘ എന്നും ഉദയനിധി സ്റ്റാലിന് വ്യക്തമാക്കി.
ഉദ്ദവ് താക്കറെയ്ക്കെതിരെ വിമര്‍ശനം
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെയും റാണ വിമര്‍ശനമുന്നയിച്ചു. ഉദ്ദവ് ശരിയായ ഹിന്ദുത്വ നിലപാട് എടുക്കുന്നില്ലെന്നായിരുന്നു റാണെയുടെ പരാമര്‍ശം.
advertisement
” ബാലസാഹേബ് താക്കറെയുടെ മകനാണെന്ന് അവകാശപ്പെടാന്‍ ഉദ്ദവിന് യോഗ്യതയില്ല. ശക്തമായ ഹിന്ദുത്വ നിലപാടില്‍ ഉറച്ചുനിന്ന വ്യക്തിയായിരുന്നു ബാലസാഹേബ് താക്കറെ. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ ഹിന്ദുക്കള്‍ക്കായാണ് ഉഴിഞ്ഞുവെച്ചത്. ഇന്ന് സനാതന ധര്‍മ്മത്തെയും ഹിന്ദുത്വ ആശയങ്ങളെയും എതിര്‍ത്ത് സംസാരിച്ചിരിക്കുന്നത് ഉദ്ദവിന്റെ സഖ്യത്തില്‍പ്പെട്ട നേതാവ് തന്നെയാണ്. ഒരു വാക്ക് പോലും അതില്‍ സംസാരിക്കാന്‍ ഉദ്ദവ് സന്മനസ് കാണിച്ചില്ല. അത്തരക്കാരുമായി സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ഉദ്ദവ്,” എന്നും റാണെ പറഞ്ഞു.
താക്കറെയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ കഴിയാത്തയാളാണ് ഉദ്ദവെന്നും റാണെ കുറ്റപ്പെടുത്തി. ഇനിയെങ്ങാനും അബദ്ധത്തില്‍ മഹാരാഷ്ട്രയില്‍ ഉദ്ദവ് അധികാരത്തിലെത്തിയാല്‍ ഈ സംസ്ഥാനം അദ്ദേഹം ഒരു ഇസ്ലാമിക സംസ്ഥാനമായി മാറ്റുമെന്ന കാര്യം തീര്‍ച്ചയാണെന്നും റാണെ വിമര്‍ശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
September 14, 2023 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഉദയിനിധി മഹാരാഷ്ട്രയില്‍ കാലുകുത്തിയാല്‍ രണ്ട് കാലില്‍ തിരിച്ച് പോകില്ല'; സനാതന ധര്‍മ്മ വിവാദത്തില്‍ ബിജെപി നേതാവ്