രാഷ്ട്രീയത്തിനപ്പുറം, രാമായണം-മഹാഭാരതം എന്നീ ഇതിഹാസ പരമ്പരകളിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ പാർട്ടികളിലെത്തിച്ചേർന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ റെക്കോഡുകള്‍ കുറിച്ച പരമ്പരയില ജനപ്രിയ കഥാപാത്രങ്ങളുടെയും അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെയും വിവരങ്ങൾ അറിയാം.
അരവിന്ദ് തിവാരി (രാവണന്‍)
രാമാനന്ദ് സാഗറിന്‍റെ രാമായണത്തിൽ രാവണനായി എത്തിയ അരവിന്ദ് തിവാരി ഹിന്ദി-ഗുജറാത്തി ഭാഷകളിലാണ് ഇരുന്നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാമൂഹിക നാടകങ്ങളും പുരാണങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങള്‍ ആയിരുന്നു അധികവും.
സിനിമകളിലൂടെ പ്രശസ്തിയിലേക്കുയർന്ന താരം അധികം വൈകാതെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറി. ബിജെപിയിലേക്കായിരുന്നു രംഗപ്രവേശം. ഗുജറാത്തിലെ സബർകന്ത മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തിയ അദ്ദേഹം 1991 മുതൽ 1996 വരെ എംപിയായിരുന്നു. 2012 ൽ സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ആക്ടിംഗ് ചെയര്‍മാൻ ആയും അരവിന്ദ് തിവാരി നിയോഗിക്കപ്പെട്ടിരുന്നു.
advertisement
ലോക്ക്ഡൗൺ കാലയളവിൽ രാമായണം ദൂരദർശനിൽ വീണ്ടും സംപ്രേഷണം ചെയ്തപ്പോൾ അത് കണ്ടാസ്വദിക്കുന്ന 82 കാരനായ അരവിന്ദ് തിവാരിയുടെ ചിത്രവും ഈയടുത്ത് വൈറലായിരുന്നു.
ദീപിക ചിഖാലിയ (സീത)
രാമയണത്തിലെ 'സീത' ദീപിക ചിഖാലിയ 1991 ലാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. അതേവർഷം തന്നെ ബറോഡയിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. മകളുടെ ജനനത്തോടെയാണ് രാഷ്ട്രീയം ഉപേക്ഷിച്ചതെന്നാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവർ അറിയിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പല പാർട്ടികളിൽ നിന്നും ക്ഷണം ഉണ്ടായിരുന്നുവെന്ന കാര്യവും ഈ അഭിമുഖത്തിൽ ദീപിക പറഞ്ഞിരുന്നു. 'മുത്തച്ഛൻ ഒരു സജീവ ആർഎസ്എസ് പ്രവർത്തകൻ ആയിരുന്നതിനാൽ കുടുംബത്തിൽ ആർഎസ്എസ് രാഷ്ട്രീയ വേരുകളാണുണ്ടായിരുന്നത് അതുകൊണ്ടാണ് ബിജെപി തിരഞ്ഞെടുത്തത് എന്നാണ് ദീപികയുടെ വാക്കുകൾ.
നിതീഷ് ഭരദ്വാജ് ( കൃഷ്ണൻ)
സംവിധായകൻ ബിആർ ചോപ്രയുടെ മഹാഭാരതത്തിൽ കൃഷ്ണൻ ആയിഎത്തിയ നിതീഷ് ഭരദ്വാജും ബിജെപി അംഗമായിരുന്നു. ഞാന്‍ ഗന്ധർവൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും കുറച്ചു കൂടി പരിചയമുള്ള താരമാണ് നിതീഷ്. 1995 ൽ ബിജെപി അംഗമായ താരം ജംഷഡ്പുരിൽ നിന്നുള്ള ലോക്സഭ അംഗമായിരുന്നു.
താൻ രാഷ്ട്രീയത്തിൽ ചായ്‌വുള്ള ഒരു സജീവ പാർട്ടി പ്രവർത്തകൻ അല്ല എന്നാണ് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ നിതീഷ് വ്യക്തമാക്കിയത്. 'ഞാൻ രാഷ്ട്രീയത്തിൽ ചായ്‌വുള്ളയാളല്ല, തിരഞ്ഞെടുപ്പിനിറങ്ങുന്ന ഒരു സജീവ അംഗവുമല്ല. പകരം, എന്റെ ശ്രദ്ധയെല്ലാം അഭിനയ ജീവിതത്തിലാണ്. ഈ ഘട്ടത്തിൽ ചലച്ചിത്ര നിർമ്മാണം, അഭിനയം, സംവിധാനം എന്നിവയിലാണ് ഞാൻ കൂടുതൽ ചായ്‌വു കാട്ടുന്നത്' എന്നായിരുന്നു വാക്കുകൾ.
ഉമാ ഭാരതിയുടെ അടുത്തയാളായി പരിഗണിക്കപ്പെട്ടിരുന്ന നിതീഷ്, 2004 ൽ ഉമാഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. ആദ്യം അദ്ദേഹം മധ്യപ്രദേശ് ടൂറിസം വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടു. പിന്നീട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആയി നിയമിതനായെങ്കിലും ഒതുക്കപ്പെടുകയാണുണ്ടായത്. 2006 ൽ നിതീഷ് പാർട്ടി ബന്ധം ഉപേക്ഷിച്ചു.
രൂപ ഗാംഗുലി (ദ്രൗപദി)
മഹാഭാരതത്തിലെ 'ദ്രൗപദി' രൂപ ഗാംഗുലി ബിജെപി അംഗമാണ്. 2015 ൽ കേന്ദ്രമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിയാണ് പാർട്ടി പതാക നൽകി രൂപയെ ഔദ്യോഗികമായി ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
ഗൗതം ഘോഷിന്‍റെ 'പദ്മ നദിർ മാജി', അപർണ സെന്നിന്‍റെ 'യുഗാന്ത്' ഋതുപർണഘോഷിന്‍റെ 'അന്തർമഹൽ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ രൂപ ഗാംഗുലി ഒരു മികച്ച ഗായിക കൂടിയാണ്. അബോശേഷായ് എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഇവരെ തേടിയെത്തിയിരുന്നു.
ഗജേന്ദ്ര ചൗഹാന്‍ (യുധിഷ്ഠിരൻ)
മഹാഭാരതത്തില്‍ യുധിഷ്ഠിരനായെത്തിയ ശ്രദ്ധ നേടിയ ഗജേന്ദ്ര ചൗഹാൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഫിലിം ആന്‍ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ ആയിരുന്ന അദ്ദേഹം സ്ഥാപനത്തിൽ കാവിവത്കരണം നടത്താൻ ശ്രമിക്കുന്ന എന്ന പേരിൽ വൻ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
രാജ് ബബ്ബാർ (ഭരതൻ)
മഹാഭാരതത്തിൽ പാണ്ഡവരുടെയും കൗരവരുടെയും പൂർവികനായ ഭരത രാജാവായി എത്തിയ രാജ് ബബ്ബാർ നിരവധി ബോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1989 ൽ ജനതാദളിൽ ചേർന്നാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് അതുപേക്ഷിച്ച് സമാജ്വാദി പാർട്ടി അംഗമായി. എസ്പി അംഗമായി മൂന്ന് തവണയാണ് പാർലമെന്‍റിലെത്തിയത്.
1994 മുതൽ 1999 വരെ രാജ്യസഭാംഗമായിരുന്ന രാജ് ബബ്ബാർ, 2006ൽ സമാജ് വാദി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് 2008 ൽ അദ്ദേഹം കോൺഗ്രസിൽ അംഗമാവുകയും ചെയ്തു.