ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ മന്ത്രി ദീപക് ജോഷിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ബജ്രംഗ് സേനയുടെ നേതൃനിരയിൽ ഉള്ളത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥിൻ്റെ സാന്നിധ്യത്തിലായിരുന്നു ലയനം. ബജ്രംഗ് സേനയുടെ ദേശീയ അധ്യക്ഷൻ രജ്‌നിഷ് പട്ടേരിയയും കോർഡിനേറ്റർ രഘുനന്ദൻ ശർമയും ചേർന്നാണ് ലയന പ്രഖ്യാപനം നടത്തിയത്. ദീപക് ജോഷിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ചടങ്ങിൽ കമൽ നാഥിന് ബജ്രംഗ് സേന പ്രവർത്തകർ അധികാര ദണ്ഡും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ലയനപ്രഖ്യാപനം.
advertisement
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുകയാണെന്ന് ബജ്രംഗ് സേനയെ സ്വാഗതം ചെയ്തുകൊണ്ടു സംസാരിക്കേ കമൽ നാഥ് ആരോപിച്ചു. ‘ഇരുപതിനായിരത്തിൽ അധികം പ്രഖ്യാപനങ്ങളാണ് ചൗഹാൻ ഇതിനോടകം നടത്തിക്കഴിഞ്ഞിരിക്കുന്നത്. അവയിൽ ഒന്നു പോലും പ്രായോഗികമായി നടപ്പിൽ വരുത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ, ചൗഹാന് ഇപ്പോൾ സ്ത്രീകളെക്കുറിച്ചും യുവാക്കളെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചുമെല്ലാം ഓർമ വന്നിട്ടുണ്ട്. അധികാരത്തിലിരുന്ന കഴിഞ്ഞ പതിനെട്ടു വർഷക്കാലവും അദ്ദേഹം അവർക്കായി ഒന്നും ചെയ്തിട്ടില്ല.’ കമൽ നാഥ് പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയത് കുതിരക്കച്ചവടത്തിലൂടെയാണെന്നും, ഇത്തവണ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണെന്നും കമൽ നാഥ് പറഞ്ഞു. കമൽ നാഥിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ 2020 മാർച്ചിൽ ബിജെപി താഴെയിറക്കിയിരുന്നു.
Also Read-ഇന്ത്യൻ ജനാധിപത്യത്തിന് അമേരിക്കയുടെ പ്രശംസ രാഹുൽ ഗാന്ധിക്കേറ്റ തിരിച്ചടിയെന്ന് ബിജെപി
ബജ്രംഗ് സേനയുടെ പ്രവർത്തകരെല്ലാം കോൺഗ്രസിനൊപ്പം ചേർന്നു കഴിഞ്ഞു എന്ന് ബജ്രംഗ് സേന അധ്യക്ഷൻ പട്ടേരിയ പറഞ്ഞു. വലിയൊരു വിഭാഗം ജനങ്ങളാണ് ഇതുവഴി കോൺഗ്രസിനൊപ്പം കൈകോർത്തിരിക്കുന്നതെന്നും, ബിജെപിയുടെ പതനം കൂട്ടായി ഉറപ്പു വരുത്തുമെന്നും പട്ടേരിയ കൂട്ടിച്ചേർത്തു. 2013ൽ ഛതർപൂരിലായിരുന്നു ബജ്രംഗ് സേന രൂപം കൊണ്ടത്. മതപരവും സാമൂഹികവുമായ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ് ബജ്രംഗ് സേന.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, മധ്യപ്രദേശിലെ ആകെയുള്ള 230 സീറ്റുകളിൽ 114 എണ്ണമാണ് കോൺഗ്രസ് കൈയടക്കിയിരുന്നത്. 109 സീറ്റുകളിൽ വിജയം കണ്ട ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. തുടർന്ന്, ബിഎസ്പിയുടെയും എസ്പിയുടെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണയോടെ, കോൺഗ്രസ് തൂക്കു മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.
