ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണക്ഷേത്രത്തിൽ ഭിന്ദ്രൻവാലെ പോസ്റ്ററുകളും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും
- Published by:Vishnupriya S
- news18-malayalam
Last Updated:
ദൽ ഖൽസയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സിഖ് യുവാക്കൾ ഖലിസ്ഥാനി പതാകകളും തകർന്ന അകാൽ തഖ്തിന്റെ ഫോട്ടോകളും ഉയർത്തിക്കാട്ടി
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികമായ ഇന്ന് തീവ്ര സിഖ് സംഘടനകളുടെ അനുയായികളും പ്രവർത്തകരും സുവർണ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി. എംപി സിമ്രൻജിത് സിംഗ് മൻ, അദ്ദേഹത്തിന്റെ അനുയായിയായ മുൻ എംപി ധിയാൻ സിംഗ് മന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദൾ (അമൃത്സർ) പ്രവർത്തകരും ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി രംഗത്തെത്തി. എംപി സിമ്രൻജിത് സിംഗ് മൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തു.
റാഡിക്കൽ സിഖ് സംഘടനയായ ദൽ ഖൽസയുടെ പ്രവർത്തകർ കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ജർനൈൽ സിംഗ് ഭിന്ദ്രൻവാലെയുടെ ഛായാചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ പിടിച്ച് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി. ദൽ ഖൽസയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സിഖ് യുവാക്കൾ ഖലിസ്ഥാനി പതാകകളും തകർന്ന അകാൽ തഖ്തിന്റെ ഫോട്ടോകളും ഉയർത്തിക്കാട്ടി. സിഖുകാരുടെ പരമോന്നത പീഠമായ അകാൽ തഖ്തിന് സമീപമുള്ള സുവർ ക്ഷേത്ര പരിസരം മുഴുവൻ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളാൽ മുഖരിതമായി.
advertisement
അതേസമയം ചടങ്ങുകൾ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അമൃത്സറിൽ ഒരുക്കിയിരുന്നത്. സിഖ് മതപ്രഭാഷകരും പണ്ഡിതന്മാരും ഗ്രാമങ്ങൾ സന്ദർശിച്ച് സിഖ് മതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവാക്കളെ സിഖ് തത്വങ്ങളും സിഖ് ചരിത്രവും പഠിപ്പിച്ച് അവരെ ഒന്നിപ്പിക്കേണ്ടതുണ്ടെന്നും സിഖ് സമൂഹത്തിന് നൽകിയ സന്ദേശത്തിൽ അകാൽ തഖ്ത്തിലെ ജതേദാർ ജിയാനി ഹർപ്രീത് സിംഗ് പറഞ്ഞു. നിരവധി യുവാക്കളെ ബാധിച്ചിരിക്കുന്ന മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സിഖ് സമുദായത്തെ ശക്തിപ്പെടുത്താൻ സർക്കാരുകൾ ഒരിക്കലും സഹായിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. 1984ലെ സംഭവങ്ങൾക്ക് ശേഷവും സിഖുകാർ ഒരിക്കലും ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം ഇത്തരം സംഭവങ്ങളെല്ലാം സിഖ് സമൂഹത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്നും നീതി ലഭിക്കുന്നതിനുള്ള പോരാട്ടം സിഖുകാർ തുടരുമെന്നും സത്യത്തിനൊപ്പം നിൽക്കാൻ ഒരിക്കലും ഭയപ്പെടുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികമായും രാഷ്ട്രീയമായും സിഖ് സമൂഹത്തെ തകർക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
advertisement
സിഖ് സമൂഹം ഒന്നിക്കേണ്ട സമയമാണിതെന്നും സിഖ് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുകയും അന്യായമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് സമുദായത്തെ ഭിന്നിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നതിനാൽ മാറിമാറി വരുന്ന സർക്കാരുകളിൽ നിന്ന് സിഖ് സമൂഹത്തിന് നല്ലത് ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത സിഖ് മതസംഘടനയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഗുരു ഗ്രന്ഥ സാഹിബിന്റെ വെടിയുണ്ടകളുള്ള വിശുദ്ധ ‘സരൂപ്’ (വോളിയം) പ്രദർശിപ്പിച്ചു. അന്ന് ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന സരൂപിൽ 1984ലെ സൈനിക നടപടിക്കിടെയാണ് വെടിയുണ്ടയേറ്റത്. 1984ൽ സുവർണ ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ തുരത്താൻ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
advertisement
ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികത്തിൽ അമൃത്സറിലെ സുരക്ഷ
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടിയായി പഞ്ചാബിലെ അമൃത്സറിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. പോലീസ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ അർപിത് ശുക്ല (ക്രമസമാധാനം) ഞായറാഴ്ച നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. 1984 ജൂണിൽ സുവർണ ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ തുരത്താൻ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ലോക്കൽ പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും പട്രോളിംഗ് വർധിപ്പിച്ച് അകത്തും പുറത്തുമുള്ള പ്രദേശങ്ങളിൽ കർശനമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ശുക്ല പറഞ്ഞു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പട്രോളിംഗ് സംഘങ്ങളെ വിന്യസിച്ചിരിക്കുമ്പോൾ തന്നെ 24 മണിക്കൂറും നിരീക്ഷണത്തിനായി 68 ചെക്ക്‌പോസ്റ്റുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
advertisement
3,000 പഞ്ചാബ് പോലീസുകാർക്ക് പുറമേ നാല് കമ്പനി സിഎപിഎഫിനെയും (കേന്ദ്ര സായുധ പോലീസ് സേന) ജില്ലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് അമൃത്‌സറിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശുക്ല പറഞ്ഞു. അമൃത്സറിൽ മാത്രമല്ലെന്നും പഞ്ചാബിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്ത് 11 കമ്പനി അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ടെന്നും കൂടാതെ പോലീസ് സേനയെ സമ്പൂർണമായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Amritsar,Punjab
First Published :
Jun 06, 2023 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണക്ഷേത്രത്തിൽ ഭിന്ദ്രൻവാലെ പോസ്റ്ററുകളും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും








