തെലങ്കാന സംസ്ഥാനം നിലവിൽ വന്നശേഷം ഇതാദ്യമായി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പരാജയമറിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന ദുബാക്കിൽ ബിജെപി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപി സ്ഥാനാർഥി മാധവനേനി രഘുനന്ദൻ റാവു ജയിച്ചത് 1470 വോട്ടുകൾക്കാണ്. 23 റൗണ്ട് നീണ്ടുനിന്ന വോട്ടെണ്ണലിൽ ആദ്യന്തം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
Also Read- ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച
advertisement
അതേസമയം, സാങ്കേതിക തകരാറുകളെ തുടർന്ന് നാലു വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണൽ പൂർത്തിയാക്കാനാകാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥി ചെറുകു ശ്രീനിവാസ് റെഡ്ഡി 21,819 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി 62,772 വോട്ടുകളും ടിആർഎസ് സ്ഥാനാർഥി 61,302 വോട്ടുകളും നേടി.
Also Read- മഹാസഖ്യത്തിന്റെ കരുത്തായി ആർജെഡിയും ഇടതുപാർട്ടികളും; വിലങ്ങുതടിയായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്
''എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമുള്ള ജാഗ്രതാ മുന്നറിയിപ്പാണിത്. ഈ പരാജയത്തെ കുറിച്ച് പരിശോധിക്കും. ടിആർഎസിന് വോട്ട് ചെയ്തവരോട് നന്ദി പറയുന്നു. പ്രതീക്ഷിച്ചതുപോലെയുള്ള ഫലമല്ല വന്നത്.'' ഫലം പുറത്തുവന്നതിന് പിന്നാലെ കെ സി ആർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
''പരാജയത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പ് അഭിമാനപ്രശ്നമായാണ് എടുത്തത്. എങ്കിലും ജനവിധി മാനിക്കുന്നു. ദുബാക്ക് മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ഞങ്ങൾ പങ്കാളികളാകും.''- മന്ത്രി ഹരീഷ് റാവു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ സിറ്റിങ് ടിആർഎസ് എംഎൽഎ സൊലിപേട്ട രാമലിംഗ റെഡ്ഡിയുടെ നിര്യാണത്തെ തുടർന്നാണ് ദുബാക്കിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ പത്നി സൊലിപേട്ട സുജാതയായിരുന്നു ഭരണകക്ഷി സ്ഥാനാർഥി. ത്രികോണമത്സരമാണ് മണ്ഡലത്തിൽ നടന്നത്.