നിലവില്‍ ഇന്‍ഡെയ്ന്‍ ഗ്യാസ് ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സമീപഭാവിയില്‍ നിലവിലുള്ള കണക്ഷന്‍ ഉപേക്ഷിക്കാതെ തന്നെ ഭാരത് ഗ്യാസിലേക്കോ എച്ച്പി ഗ്യാസിലേക്കോ തടസ്സമില്ലാതെ മാറാന്‍ കഴിയുമെന്ന് ഇത് അര്‍ത്ഥമാക്കുന്നു.
ഈ നിര്‍ദേശത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ പിഎന്‍ജിആര്‍ബി ക്ഷണിച്ചിട്ടുണ്ട്. അന്തിമ നിയമം രൂപീകരിച്ചശേഷം ഇത് നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
എല്‍പിജി പോര്‍ട്ടബിലിറ്റി അവതരിപ്പിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യയില്‍ നിലവില്‍ 32 കോടിയിലധികം സജീവ എല്‍പിജി കണക്ഷനുകളാണ് ഉള്ളത്. എന്നാല്‍ സേവനനിലവാരം സംബന്ധിച്ച് ഉപഭോക്തൃപരാതികൾ വർധിക്കുകയാണെന്ന് പിഎന്‍ജിആര്‍ബി വ്യക്തമാക്കി. വിതരണ കാലതാമസവും സേവന തടസ്സങ്ങളും മൂലം നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്. ചില പ്രദേശങ്ങളില്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.
advertisement
പ്രതിവര്‍ഷം 17 ലക്ഷത്തിലധികം ഉപഭോക്തൃ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ബോര്‍ഡ് നോട്ടീസില്‍ പറഞ്ഞു. പ്രാദേശിക വിതരണക്കാര്‍ അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് പലപ്പോഴും മറ്റ് മാര്‍ഗങ്ങളില്ലാതെ വരികയാണെന്ന് പിഎന്‍ജിആര്‍ബി പറഞ്ഞു. ''ഇത് അവരില്‍ കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മറ്റ് കാരണങ്ങളുണ്ടെങ്കിലും ഉപഭോക്താവിന് എല്‍പിജി കമ്പനി അല്ലെങ്കില്‍ ഡീലറെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പ്രത്യേകിച്ച് സിലണ്ടര്‍ വില ഒന്നു തന്നെയാണെങ്കില്‍,'' ബോര്‍ഡ് പറഞ്ഞു.
എല്‍പിജി പോര്‍ട്ടബിലിറ്റി പദ്ധതി മുമ്പും
എല്‍പിജി പോര്‍ട്ടബിലിറ്റി എന്ന ആശയം പുതിയതല്ല. 2013ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ 13 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത് 24 ജില്ലകളില്‍ ഇത് സംബന്ധിച്ച് പൈലറ്റ് പദ്ധതി ആരംഭിച്ചിരുന്നു. പിന്നീട് 2014 ജനുവരിയില്‍ ഇത് രാജ്യമാകെ വ്യാപിപ്പിച്ചു. എന്നാല്‍ ഒരു കമ്പനിയുടെ തന്നെ ഡീലര്‍ ലെവല്‍ പോര്‍ട്ടബിലിറ്റി മാത്രമാണ് അനുവദിച്ചിരുന്നത്. ഉദാഹരണത്തിന് ഇന്‍ഡെയ്ന്‍ ഗ്യാസ് എടുത്ത ഒരു ഉപഭോക്താവിന് മറ്റൊരു ഡീലറിലേക്ക് മാത്രമെ മാറാന്‍ കഴിയുമായിരുന്നുള്ളൂ.
എല്‍പിജി സിലണ്ടറുകള്‍ അവ നല്‍കിയ കമ്പനികള്‍ക്ക് മാത്രമെ റീഫില്‍ ചെയ്യാന്‍ കഴിയൂ എന്ന നിയമങ്ങള്‍ നിര്‍ബന്ധമാക്കിയതിനാലാണ് ഈ പരിമിതി നിലനിന്നിരുന്നത്.
'എല്‍പിജി വിതരണത്തിന്റെ തുടര്‍ച്ച ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ വിശ്വാസം സംരക്ഷിക്കുന്നതിനും, റീഫില്ലുകളിലേക്ക് സമയബന്ധിതമായി പ്രവേശനം സാധ്യമാക്കുന്ന നടപടികളെക്കുറിച്ച് ഉപഭോക്താക്കള്‍, വിതരണക്കാര്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്ന് പിഎന്‍ജിആര്‍ബി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു,' ബോര്‍ഡ് പറഞ്ഞു.
കമ്പനി പരിഗണിക്കാതെ തന്നെ പ്രത്യേകിച്ച് സേവന തടസ്സങ്ങള്‍ നേരിടുന്നതോ അല്ലെങ്കില്‍ ആവശ്യം കൂടുതലുള്ളതോ ആയ സമയങ്ങളില്‍, ലഭ്യമായ ഏറ്റവും അടുത്തുള്ള വിതരണക്കാരനില്‍ നിന്ന് ഒരു ഉപഭോക്താവിന് എല്‍പിജി റീഫില്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നതിനുള്ള വഴികള്‍ ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.
എല്‍പിജി പോര്‍ട്ടബിലിറ്റിയുടെ ഗുണങ്ങള്‍
- വിതരണക്കാര്‍ തമ്മിലുള്ള മത്സരം വര്‍ധിക്കും
- റീഫില്ലുകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കും
- ഉത്തരവാദിത്വവും സേവന നിലവാരവും മെച്ചപ്പെടും