വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത് 20 കുട്ടികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ രംഗനാഥന്‍ അറസ്റ്റിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസില്‍ നിന്നുള്ള സംഘങ്ങള്‍ ചെന്നൈയിലും കാഞ്ചീപുരത്തും എത്തിയിരുന്നു. ഇതിന് ശേഷം ചെന്നൈയില്‍ നിന്നാണ് രംഗനാഥനെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 105, 276 വകുപ്പുകള്‍ പ്രകാരവും 27A ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
തമിഴ്‌നാട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍(ടിഎന്‍എഫ്ഡിഎ)നിന്ന് 2011ലാണ് ശ്രീസാന്‍ ഫാര്‍മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. മോശം അടിസ്ഥാന സൗകര്യങ്ങളും ദേശീയ മരുന്ന് സുരക്ഷാ നിയമങ്ങളുടെ ഒന്നിലധികം ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും ഒരു ദശാബ്ദത്തിലേറെയായി പരിശോധനകളൊന്നും കൂടാതെയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
advertisement
കോള്‍ഡ്‌റിഫിന് നിരോധനവുമായി നിരവധി സംസ്ഥാനങ്ങള്‍
സിറപ്പില്‍ കുട്ടികളുടെ വൃക്കകളെ സാരമായി ബാധിക്കുന്ന വിഷ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് മെഡിക്കല്‍ അന്വേഷണത്തില്‍ കണ്ടെത്തി. മരുന്ന് കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളുടെ വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇത് അവരുടെ ആരോഗ്യം പെട്ടെന്ന് മോശമാകാന്‍ കാരണമായി. മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. കഫ്‌സിറപ്പില്‍ ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍(ഡിഇജി)എന്ന വിഷ വസ്തു കലര്‍ന്നതായി കണ്ടെത്തി.
പഞ്ചാബ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കേരളം എന്നിവടങ്ങളില്‍ കഫ് സിറപ്പിന് നിരോധനം ഏര്‍പ്പെടുത്തി. കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശിലെ ചിന്ദ് വാരയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചു പൂട്ടുകയും സിറപ്പ് സാംപിളുകള്‍ ലാബ് പരിശോധനയ്ക്കായി അയച്ചു നല്‍കുകയും ചെയ്തു.
കേസില്‍ ഡോക്ടര്‍മാരെ തെറ്റായ രീതിയിലാണ് ഉള്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ആശങ്ക പ്രകടിപ്പിച്ചു. സിറപ്പ് നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്ത സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
സെപ്റ്റംബർ പകുതിയോടെയാണ് ചിന്ദ്വാരയിൽ വൃക്കകൾക്ക് നാശം സംഭവിച്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. എല്ലാ മരണങ്ങളിലും ഏകദേശം സമാനമായ കാരണങ്ങളാണ് വിവരിച്ചിരുന്നത്. ചെറിയ ശ്വാസകോശപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയ കുട്ടികൾക്ക് ഡോക്ടർ കോൾഡ്‌റിഫ് നിർദേശിക്കുകയും ചെറുതായി ആശ്വാസം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ കുഞ്ഞുങ്ങൾക്ക് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കകൾ തകരാറിലായതായി കണ്ടെത്തുകയുമായിരുന്നു. സെപറ്റംബർ 18 ആയപ്പോഴേക്കും ജില്ലാ അധികാരികൾ അടിയന്തരാവസ്ഥ പുറപ്പെടുവിച്ചു. മധ്യപ്രദേശിലെ പരാസിയയിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തിരുന്ന സർക്കാർ ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീൺ സോണിയാണ് മരുന്നുകൾ കുറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.