എല്ലാ കാലങ്ങളിലും റിപ്പബ്ലിക് ദിന പരേഡിനെ ആകർഷകമാക്കിയിരുന്ന സൈനിക- അർദ്ധസൈനിക വിഭാഗങ്ങളുടെ മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനം കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി റദ്ദാക്കിയിട്ടുണ്ട്.
Also Read റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ളോ എന്താണ് ? എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് ?
മുൻ സൈനികരും സ്ത്രീകളും നടത്തിയിരുന്ന വെറ്ററൻസ് പരേഡും റിപ്പബ്ലിക് ദിന പരിപാടികളുടെ പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. ധീരതയ്ക്കുള്ള ദേശീയ അവാർഡുകൾ സ്വീകരിക്കുന്നവരുടെ പരേഡും ഒഴിവാക്കിയിട്ടുണ്ട്. 2020 ലെ റിപ്പബ്ലിക് ദിന പരേഡിൽ 99, 100 വയസ് പ്രായമുള്ളവർ പരേഡിൽ പങ്കെടുക്കുകയും സി.ആർ.പി.എഫിലെ വനിതാ അംഗങ്ങൾ മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
advertisement
പ്രായമായവർക്കും കുട്ടികൾക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് പരേഡിൽ നിന്നും ആകർഷകമായ പല പരിപാടികളും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
“ഈ വർഷം സ്കൂൾ കുട്ടികൾക്കായി പ്രത്യേക ഇരിപ്പിടമുണ്ടാകില്ലആകെ എണ്ണം 25,000 പേർ മാത്രമാകും പങ്കെടുക്കുക. കഴിഞ്ഞ വർഷം വരെ ഇത് 150,000 ആയിരുന്നു. ടിക്കറ്റ് വഴി 4,000 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തതിനാലാണ് മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനം റദ്ദാക്കിയത്”- റിപ്പബ്ലിക് ദിന ക്രമീകരണങ്ങൾ നടത്തുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനുവരി 26 ന് ഇന്ത്യാ ഗേറ്റിന് സമീപമുള്ള വേദിയിൽ 15 വയസിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 124 പേർ പങ്കെടുക്കുന്ന മാർച്ചിംഗ് സംഘത്തിന്റെ 12 X12 ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം 8 x 12 ഫോർമാറ്റിൽ 96 പേർ മാത്രമാണ് പെങ്കെടുക്കുന്നത്.
കാണികൾ മാത്രമല്ല മാധ്യമ പ്രവർത്തകരുടെ എണ്ണവും മുന്നൂറിൽ നിന്നും നൂറാക്കി കുറച്ചിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമെ കാണികളെ അകത്തേക്ക് കടത്തി വീടൂ. വിഐപികൾക്ക് കാവൽ നിൽക്കുന്ന സുരക്ഷാ യൂണിറ്റിലെ ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
മൈതാനത്ത് നിന്നും ആറടി അകലെയാണ് കാണികൾക്കുള്ള ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. കസേരകൾ തമ്മിലുള്ള അകലവും കൃത്യമായി പാലിക്കും.
അതേസമയം സാധാരണായിൽ നിന്നും വ്യത്യസ്തമായി ബംഗ്ലാദേശ് സായുധ സേനയിലെ അംഗങ്ങൾ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. ബംഗ്ലാദേശ് സായുധ സേനയിലെ 122 സൈനികരാണ് പങ്കെടുക്കുന്നത്.
