റിപ്പോർട്ടുകൾ പ്രകാരം, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമ്മു കശ്മീർ ഭരണകൂടം ഇദ്ദേഹത്തെ മുമ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഭീകരബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് 2023 നവംബറിൽ ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് പ്രൊഫസർ (മെഡിസിൻ) തസ്തികയിൽ നിന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഇദ്ദേഹത്തെ പിരിച്ചുവിട്ടു.
ഇതും വായിക്കുക: 'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
advertisement
"കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ലഭ്യമായ വിവരങ്ങളും പരിഗണിച്ച ശേഷം, ഡോ. നിസാർ ഉൽ ഹസ്സന്റെ പ്രവർത്തനങ്ങൾ സർവീസിൽ നിന്ന് പിരിച്ചുവിടാൻ പര്യാപ്തമാണെന്ന് ലെഫ്റ്റനന്റ് ഗവർണർക്ക് ബോധ്യപ്പെട്ടതായി" 2023 നവംബർ 21ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിൽ നിന്ന് പിരിച്ചുവിട്ട ശേഷം ഡോ. നിസാർ ഉൽ ഹസ്സനെ ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്‌സിറ്റിയിൽ നിയമിച്ചു. യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ വിഭാഗം പ്രൊഫസറായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജയ്ഷെ മുഹമ്മദും അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദും ഉൾപ്പെട്ട ഭീകര മൊഡ്യൂളിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന, ഈ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചിരുന്ന നാലാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
ചാവേർ ആക്രമണകാരിയെന്ന് സംശയിക്കപ്പെടുന്ന ഡോ. ഉമർ നബി യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ ഷഹീദ് എന്നിവരും ഇതേ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കാമ്പസിലെ ലാബുകളോ മെഡിക്കൽ സൗകര്യങ്ങളോ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (IEDs) കൂട്ടിച്ചേർക്കാൻ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇതും വായിക്കുക: ഡൽഹി സ്ഫോടനക്കേസിൽ ആരോപണവിധോയനായ ഡോ. ഉമർ നബിയുമായി ബന്ധമുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ കണ്ടെത്തി
അതിനിടെ, ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതർ ബുധനാഴ്ച ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കി. സ്ഫോടനത്തിന് ഏതെങ്കിലും തരത്തിലുള്ള ഒത്താശ നൽകിയെന്ന ആരോപണങ്ങൾ നിഷേധിക്കുകയും അറസ്റ്റുകളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഭൂപീന്ദർ കൗർ ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ, "അപ്രതീക്ഷിത സംഭവവികാസങ്ങളിൽ യൂണിവേഴ്സിറ്റിക്ക് അഗാധമായ ദുഃഖവും വേദനയുമുണ്ടെന്ന്" വ്യക്തമാക്കുന്നു. കൂടാതെ "ഈ ദുരിതകരമായ സംഭവങ്ങളിൽ ദുരിതമനുഭവിച്ച എല്ലാ നിരപരാധികളോടുമുള്ള" അനുശോചനം അറിയിക്കുകയും ചെയ്തു.
തങ്ങളുടെ രണ്ട് ഡോക്ടർമാരെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചെങ്കിലും, "ഔദ്യോഗിക പദവികളിൽ പ്രവർത്തിച്ചവരെന്നതിനപ്പുറം അറസ്റ്റിലായവരുമായി യൂണിവേഴ്സിറ്റിക്ക് യാതൊരു ബന്ധവുമില്ല" എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഓൺലൈനിൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകളാണെന്നും ഇത് ആശങ്കാജനകമാണെന്നും സർവകലാശാല പറയുന്നു. യൂണിവേഴ്സിറ്റിയുടെ പ്രശസ്തിയും സൽപ്പേരും കളങ്കപ്പെടുത്താനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കിയതെന്ന് അവർ ആരോപിച്ചു.
