മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുര്‍ ശര്‍മ ട്വിറ്ററില്‍ ക്ഷമാപണം നടത്തിയിരുന്നു. ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ ബിജെപി ഇവരെ സസ്‌പെന്‍ഡ് ചെയ്തു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍(ഒ.ഐ.സി) നടത്തിയ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്. ചാനല്‍ ചര്‍ച്ചക്കിടയിലാിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.
advertisement
ഏതെങ്കിലും വിഭാഗത്തെയോ മതങ്ങളെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണ് ബി.ജെ.പി. അത്തരം പ്രത്യയശാസ്ത്രങ്ങളെയോ വ്യക്തികളെയോ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും അവര്‍ക്കിഷ്ടമുള്ള മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, രാജ്യത്തെ എല്ലാവരും തുല്യതയോടെയും അന്തസ്സോടെയും ജീവിക്കുന്ന ഒരു മഹത്തായ രാജ്യമാക്കി മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബിജെപി പറഞ്ഞു.
പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
