ഇന്ത്യയിലെ നിയമങ്ങള്‍ എപ്പോഴും സ്ത്രീകള്‍ക്ക് അനുകൂലമാണെന്നും പുരുഷന്‍മാരെ പരിഗണിക്കുന്ന നിയമവ്യവസ്ഥയല്ല രാജ്യത്തെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് യുവാവിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബംഗളുരുവില്‍ ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് (34) എന്ന യുവാവാണ് ജീവനൊടുക്കിയത്.
24 പേജുള്ള കുറിപ്പ് ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ എഴുതിവെച്ച ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി അതുല്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയുമായി പിരിഞ്ഞ് ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന് അതുല്‍ അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നു.
advertisement
കുടുംബത്തിന് പറയാനുള്ളത്
അതുല്‍ നിരാശനായിരുന്നുവെന്നും തന്റെ കഷ്ടപ്പാടുകള്‍ കുടുംബത്തെ അറിയിക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചിരുന്നുവെന്നും അതുലിന്റെ പിതാവായ പവന്‍ കുമാര്‍ പറഞ്ഞു. 'മധ്യസ്ഥ കോടതിയിലെ ഉദ്യോഗസ്ഥര്‍ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് അതുല്‍ ഞങ്ങളോട് പറയുമായിരുന്നു. 40 ഓളം തവണ ജൗന്‍പൂരില്‍ നിന്ന് അവന് ബംഗളുരുവിലേക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുലിന്റെ ഭാര്യ ഓരോ തവണയും ഓരോ പരാതികളുമായാണ് രംഗത്തെത്തിയത്. ഇതെല്ലാം അവനെ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ അവന്‍ ഞങ്ങളോട് ഒന്നും തുറന്നുപറഞ്ഞിരുന്നില്ല,' എന്ന് അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന ദിവസം പുലര്‍ച്ചെ ഒരുമണിക്ക് ഇളയസഹോദരന് അതുല്‍ ഒരു ഇമെയില്‍ അയച്ചിരുന്നു. ഇതിലൂടെയാണ് മരണവിവരം തങ്ങള്‍ അറിഞ്ഞതെന്നും അതുലിന്റെ പിതാവ് പറഞ്ഞു. അതുല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥയിലെ പാളിച്ചകളാണ് തങ്ങളുടെ കുടുംബത്തിന്റെ ഈവയസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
'അതുലിന്റെ ഭാര്യ ഞങ്ങള്‍ക്കെതിരെയും പരാതികള്‍ നല്‍കിയിട്ടുണ്ട്. യുക്തിയ്ക്ക് നിരക്കാത്ത ആരോപണങ്ങളാണ് അവ. ഈ നിയമവ്യവസ്ഥയാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്. ഈ നിയമവ്യവസ്ഥ കാരണമാണ് ഞങ്ങളുടെ മകന്‍ ജീവനൊടുക്കിയത്. ഞങ്ങള്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വന്നു. ഞങ്ങളുടെ പിരിമുറുക്കം കണ്ട് അതുല്‍ ഒരുപാട് വിഷമിച്ചു,' പിതാവ് പറഞ്ഞു.
അതുലിന്റെ സഹോദരന്റെ പ്രതികരണം
ഇന്ത്യയിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. നിയമസംവിധാനങ്ങള്‍ പുരുഷന്‍മാരെ പരിഗണിക്കുന്നില്ലെന്ന് അതുലിന്റെ സഹോദരനായ ബികാസ് കുമാര്‍ പറഞ്ഞു. 'സഹോദരനും ഭാര്യയും എട്ട് മാസം മുമ്പാണ് വേര്‍പിരിഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. ഇതിനുപിന്നാലെ അതുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ നിരവധി പരാതികളാണ് അതുലിനും ഞങ്ങള്‍ക്കുമെതിരെ അവര്‍ നല്‍കിയത്. ഇന്ത്യയിലെ എല്ലാ നിയമവും സ്ത്രീകള്‍ക്ക് അനുകൂലമാണ്. പുരുഷന്‍മാര്‍ക്കായി നിയമങ്ങളില്ല,' ബികാസ് കുമാര്‍ പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ബികാസ് കുമാര്‍ ആവശ്യപ്പെട്ടു.
തന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ഭാര്യയ്ക്ക് വേണ്ടി ചെയ്തുകൊടുത്തയാളാണ് അതുല്‍. പ്രശ്‌നങ്ങളെപ്പറ്റി തങ്ങളോട് തുറന്നുപറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ അതുലിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്നും ബികാസ് കുമാര്‍ പറഞ്ഞു. 'എന്റെ സഹോദരന്റെ ഭാഗത്താണ് ശരിയെങ്കില്‍ അവന് നീതി ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അതല്ല, അവന്റെ ഭാഗത്താണ് തെറ്റ് എങ്കില്‍ അതിനുള്ള തെളിവുകള്‍ പുറത്തുവിടണം. അതുല്‍ അവസാനമായി എഴുതിയ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ജഡ്ജിയ്‌ക്കെതിരെ അന്വേഷണം നടത്തണം,' ബികാസ് കുമാര്‍ പറഞ്ഞു.
അതുല്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്ത്
അതുലിനെതിരെ 9 കേസുകളാണ് ഭാര്യ നല്‍കിയത്. ഇതെല്ലാം അതുലിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് അതുലിന്റെ സുഹൃത്തായ ജാക്‌സണ്‍ പറഞ്ഞു. നിയമവ്യവസ്ഥയിലെ പക്ഷാപാതിത്വവും പുരുഷന്‍മാരെ പരിഗണിക്കാത്ത സംവിധാനവുമാണ് അതുലിനെ ഏറെ വിഷമിപ്പിച്ചതെന്നും സുഹൃത്ത് പറഞ്ഞു. ഭാര്യയ്ക്ക് കോവിഡ് ബാധിച്ച സമയത്ത് അവരെയും കുഞ്ഞിനേയും ശുശ്രൂഷിച്ചതും അതുല്‍ ആയിരുന്നുവെന്നും ജാക്‌സണ്‍ വ്യക്തമാക്കി.
'അതുലിന്റെ ഭാര്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. അവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഭാര്യയ്ക്കായി അതുല്‍ മരുന്ന് വാങ്ങി. എന്നാല്‍ ഭാര്യ സമയത്തിന് മരുന്ന് കഴിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളുണ്ടായി. പിന്നാലെ അതുലിനെ ഉപേക്ഷിച്ച് കുഞ്ഞിനേയും കൊണ്ട് ഭാര്യ വീട്ടില്‍ നിന്നിറങ്ങിപ്പോയി. സ്വന്തം മകനെ കാണാന്‍ പോലും അതുലിന് കഴിഞ്ഞില്ല,' ജാക്‌സണ്‍ പറഞ്ഞു. പിന്നീട് മകന്റെ ചെലവിനായി പ്രതിമാസം 40000 രൂപ നല്‍കണമെന്ന് കോടതി ഉത്തരവ് വന്നു. ഇതായിരുന്നു ഈ വിഷയത്തെപ്പറ്റി അതുല്‍ തന്നോട് അവസാനമായി സംസാരിച്ചതെന്നും സുഹൃത്ത് പറഞ്ഞു.
