ഡിണ്ടിഗൽ ഒട്ടച്ചത്തിരം സ്വദേശി മുരുഗേഷന്റെ മകൻ പ്രവീൺ ശ്യാം (24), നെയ്വേലി സ്വദേശി ബാബുവിന്റെ മകൾ ഗായത്രി (24), തഞ്ചാവൂർ സ്വദേശി ദുരൈ സെൽവന്റെ മകൾ ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി പശുപതിയുടെ മകൻ സർവ ദർശിത് (23) എന്നിവരാണ് മരിച്ചത്. തിരുച്ചി എസ്ആർഎം കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് എല്ലാവരും. തിങ്കൾ രാവിലെ 10 ന് ആയിരുന്നു സംഭവം.
നാഗർകോവിലിന് സമീപം ഗണപതിപുരത്തിനടുത്താണ് ലെമുർ ബീച്ച്. ഞായറാഴ്ച ഒരു വിവാഹത്തിന് എത്തിയ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞാണ് ബീച്ചിൽ എത്തിയത്.
advertisement
കടൽക്കരയിൽ ആരും ഇറങ്ങരുതെന്ന നിർദ്ദേശം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ലംഘിച്ചായിരുന്നു വിദ്യാർത്ഥികൾ ബീച്ചിലേക്ക് എത്തിയത്. രാക്ഷസ തിരമാലയിൽ പെട്ട് എട്ടുപേരും കടലിനുള്ളിലേക്ക് പോയത് കണ്ടിരുന്ന മത്സ്യബന്ധന തൊഴിലാളികൾ എല്ലാ പേരയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്ടർ അഞ്ചുപേർ നേരത്തെ തന്നെ മരിച്ചിരുന്നതായി അറിയിച്ചു. മറ്റ് മൂന്നുപേരും ആശുപത്രിയിലെ തീവ്രപരിചാരണ വിഭാഗത്തിലാണ്.
തേനി, പെരിയകുളം, തായി കോളനി സ്വദേശി രാജാവേലിന്റെ മകൾ പ്രീതി പ്രിയങ്ക (23), കരൂർ സ്വദേശി സെല്വകുമാറിന്റെ മകൾ നെസി (24), മധുര സ്വദേശി ശ്രീനിവാസന്റെ മകൾ ശരണ്യാ (24) എന്നിവരാണ് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവസ്ഥലത്തും, ആശുപത്രിയിലും ജില്ലാ പൊലീസ് മേധാവി സുന്ദരവധനം നേരിൽ എത്തി പരിശോധന നടത്തി. തുടർന്ന് ബീച്ച് താൽക്കാലികമായി അടയ്ക്കുകയും, വിനോദസഞ്ചാരികൾക്ക് ബീച്ചിലേക്ക് ഇറങ്ങാൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.