ബെംഗളൂരു: കർണാടകയിൽ ഷിമോഗ നഗരത്തിന് സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ 15 പേർ മരിച്ചു. മരണനിരക്ക് ഉയരാൻ സാധ്യത. ക്വാറിയിലേക്കുള്ള ഡൈനാമൈറ്റും ജെലാറ്റിനുമായി പോയ ലോറി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
ഷിമോഗയിലും ചിക്കമംഗളൂരിന്റെ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാത്രി ഉറങ്ങാൻ പോയ ജനങ്ങൾ സ്ഫോടനവും പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശങ്കയിലായി. ഭൂചലനമാണെന്നായിരുന്നു അവർ ആദ്യം കരുതിയത്. തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ വീടുകളിൽ നിന്ന് പുറത്തേക്ക് വന്നു.
advertisement
Also Read- ജയിലിൽ കഴിയുന്ന ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ജീവന് ഭീഷണി; കേരളത്തിലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ
കുറച്ചുസമയങ്ങൾക്ക് ശേഷമാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമൈറ്റുകൾ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ 15 പേർ മരിച്ചു. ജെലാറ്റിനും ഡൈനാമൈറ്റുമായി പോയ ലോറി സ്ഫോടനത്തിൽ പൂർണമായും തകർന്നു.
സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായും ഷിമോഗ റൂറൽ എംഎൽഎ അശോക് നായിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലുണ്ടായ അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''സ്ഫോടനത്തെ തുടർന്ന് കടുത്ത പുകപടലം ഉയർന്നിരുന്നു. ഒന്നും കാണാൻ കഴിയില്ലായിരുന്നു. കുറഞ്ഞത് ആറുപേർക്കെങ്കിലും ജീവൻ നഷ്ടമായിട്ടുണ്ട്. മരണനിരക്ക് ഇതിൽ അധികവുമാകാം. ഇപ്പോൾ എനിക്ക് ഒന്നും സ്ഥിരീകരിക്കാനാവില്ല''- എംഎൽഎ പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് അധികൃതർ പാഞ്ഞെത്തി. എന്നാൽ ഇനിയും സ്ഫോടനം ഉണ്ടാകുമോ എന്ന ഭീതിയിൽ വളരെ സാവധാനവും കരുതലോടെയുമാണ് അവർ മുന്നോട്ടുപോയതെന്ന് പ്രദേശവാസികൾ പറയുന്നു. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ചില ഖനന പ്രവർത്തനങ്ങൾ നടന്നിരുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ വൻ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
Also Read- ആറു ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് കുത്തിവെയ്പ്പ്; ലോകത്തെ ഏറ്റവും വേഗമേറിയ വാക്സിനേഷൻ
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മനാടാണ് ഷിമോഗ. അപകടത്തെ തുടർന്ന് അദ്ദേഹം അധികൃതരോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അനധികൃത ഖനനപ്രവർത്തനങ്ങളും ക്വാറികളും പ്രദേശത്ത് സർവ സാധാരണമാണ്.