തിങ്കളാഴ്ച രാവിലെ 11.35ന് ഒന്നാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്. കിഷോര്‍ തന്റെ ഷൂ ഊരി ചീഫ് ജസ്റ്റിസിന് നേരെ എറിയാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ സംഭവത്തില്‍ ഇടപെടുകയും അഭിഭാഷകനെ തടഞ്ഞുനിറുത്തി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. കോടതിയിലെ ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് നിര്‍ദേശം തേടിയപ്പോള്‍ അത് അവഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഗവായി അവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. കിഷോറിന് മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
advertisement
കിഷോറിന് കോടതി മുറിയിലേക്ക് പ്രവേശനം അനുവദിക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കാര്‍ഡും താത്കാലിക സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ് സിബിഎ) അംഗത്വവുമുള്‍പ്പെടെ സാധുവായ പ്രവേശന യോഗ്യതാ പത്രങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
മയൂര്‍ വിഹാറിലെ തന്റെ വസതിയില്‍വെച്ച് സംസാരിക്കുമ്പോള്‍ കിഷോര്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യശക്തിയാണ് തന്നെ നയിക്കുന്നതെന്നും കിഷോര്‍ അവകാശപ്പെട്ടു. മധ്യപ്രദേശിലെ ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തില്‍ കഴുത്തറ്റ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ പ്രകോപിപ്പിച്ചതായി അഭിഭാഷകന്‍ പറഞ്ഞു. കേസ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അധികാരത്തില്‍ വരുന്നതാണെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു.
ആ വിധിന്യായത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കിഷോര്‍ വ്യക്തമാക്കി. ഇത്തരമൊരു അപമാനത്തിന് ശേഷം തനിക്ക് എങ്ങനെ വിശ്രമിക്കാന്‍ കഴിയുമെന്ന് ദൈവം എല്ലാരാത്രിയും തന്നോട് ചോദിച്ചുകൊണ്ടിരുന്നു. വെള്ളിയാഴ്ച മൗറീഷ്യസില്‍ ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗം വായിച്ചതിന് ശേഷം താന്‍ കൂടുതല്‍ അസ്വസ്ഥനായെന്ന് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നിയമവ്യവസ്ഥ ബുള്‍ഡോസര്‍ ഭരണത്തിന്റെ കീഴിലല്ല, മറിച്ച് നിയമവാഴ്ചയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ എന്റമോളജിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ട കിഷോര്‍ നിയമ മേഖലയിലേക്ക് തിരിയുന്നതിന് മുമ്പ് ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. കൂടാതെ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ കിഷോര്‍ വ്യക്തമാക്കി.
അതേസമയം, കിഷോറിന് 2011 മുതല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ താത്കാലിക അംഗത്വമാണുള്ളതെന്നും എന്നാല്‍ ഒരു കേസില്‍ പോലും ഹാജരായിട്ടില്ലെന്നും എസ്‌സിബിഐ ജോയിന്റ് സെക്രട്ടറി മീനേഷ് ദുബെ പറഞ്ഞു. സ്ഥിര അംഗമാകാന്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം 20 കേസുകളില്‍ ഹാജരാകണമെന്നും കിഷോര്‍ ഇത് പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സംഭവത്തിന് പിന്നാലെ ദുബെ കിഷോറിനെ കണ്ടുമുട്ടിയെങ്കിലും അദ്ദേഹത്തിന് കുറ്റബോധമൊന്നുമില്ലെന്നും പറഞ്ഞു. താന്‍ ചെയ്തത് ശരിയാണെന്ന് അദ്ദേഹം പറയുകയും ക്ഷമാപണം നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു,'' ദുബെ പറഞ്ഞു.
കിഷോറിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ ദേഷ്യം പ്രകടിപ്പിക്കുകയും സംഭവം നാണക്കേട് ഉണ്ടാക്കിയതായും പറഞ്ഞു. എന്നാല്‍ അവര്‍ പരസ്യമായി അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കിഷോറിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.