ബംഗളൂരു : ബംഗളൂരു സൗത്തിൽ യുവമോർച്ച നേതാവ് തേജസ്വി സൂര്യയെ രംഗത്തിറക്കി ബിജെപി. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് തങ്ങളുടെ അഭിമാന മണ്ഡലമായ ബംഗളൂരു സൗത്തിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ ഭാര്യ തേജസ്വനി അനന്തകുമാർ ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിരാമമിട്ട് ബിജെപി തേജസ്വിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. 1996 മുതല്‍ 2014 വരെ തുടർച്ചയായ ആറ് തവണയാണ് അനന്തകുമാർ ബംഗളൂരു സൗത്തിൽ നിന്ന് വിജയിച്ചത്.
advertisement
കർണാടക ബിജെപി സംസ്ഥാന നേതൃത്വവും തേജസ്വിനിയുടെ പേര് മാത്രമായിരുന്നു ഹൈക്കമ്മാൻഡിന് നിർദേശിച്ചതും. തന്റെ എൻജിഒയുടെ പേരിൽ ഏറെ ജനസമ്മിതിയുള്ള വ്യക്തിയാണ് തേജസ്വിനി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയും തേജസ്വിനിക്ക് തന്നെയാണ് പൂർണ പിന്തുണ അറിയിച്ചതും. കഴിഞ്ഞ ആഴ്ച വരെ തേജസ്വിനിയുടെ സ്ഥാനാർഥി പ്രഖ്യാപനം ചടങ്ങ് മാത്രമാണെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ നിന്നും മത്സരിക്കാനെത്താനുള്ള സാധ്യതയെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നതോടെ മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് പലയിടത്തും ആകാംഷയും ടെൻഷനും ഉയർന്നു.
Also Read-അർധരാത്രിയിലെ കോൺഗ്രസ് പട്ടികയിലും ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയില്ല; അവിടെ മോദി വരുമോ ?
ബംഗളൂരു സൗത്തിൽ അനുയോജ്യനായ സ്ഥാനാർഥിക്കായി കാത്തിരുന്ന കോൺഗ്രസ്, മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ ഹരിപ്രസാദിനെ ഇവിടെ നിർത്താൻ തീരുമാനിച്ചിരുന്നു. 1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അനന്തകുമാറിനോട് 65000 വോട്ടുകൾക്ക് പരാജയപ്പെട്ട വ്യക്തിയാണ് ഹരിപ്രസാദ്.
സ്ഥാനാർഥിത്വം തന്റെ കൈവിട്ട് പോകുന്നുവെന്നത് സംബന്ധിച്ച് തേജസ്വിനി നേരത്തെ അറിഞ്ഞിരുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം തേജസ്വിനിയുടെ ഒരു ട്വീറ്റ് ഇത് സംബന്ധിച്ച് തെളിവാണ്. 'എന്റ രാജ്യമാണ് എനിക്ക് ആദ്യം.. പാർട്ടി രണ്ടാമതാണ്.. വ്യക്തി ജീവിതം അവസാനമേയുള്ളു'.. എന്നായിരുന്നു ട്വീറ്റ്. എന്നാൽ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബ രാഷ്ട്രീയം ലക്ഷ്യം വച്ചാണ് തേജസ്വിനിടെ മറികടന്ന് ബിജെപി തേജസ്വിയെ തെരഞ്ഞെടുത്തതെന്നാണ് പ്രാദേശിക ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. 'തേജസ്വിനി മികച്ച ഒരു സ്ഥാനാർഥിയാണ്.. പക്ഷെ അവർ അനന്തകുമാറിൻറെ ഭാര്യയാണ്.. അദ്ദേഹത്തിന്റെ പൈതൃകമാണ് അവർ അവകാശപ്പെടുന്നത്. ഒരുപക്ഷെ ഹൈക്കമ്മാന്‍ഡ് അത് ഉചിതമെന്ന് കരുതിന്നില്ല. അതുകൊണ്ടാണ് അവർ ഒരു യുവനേതാവായ തേജസ്വി സൂര്യയെ തെരഞ്ഞെടുത്തത്'.. ഒരു സംസ്ഥാന നേതാവ് വ്യക്തമാക്കി.
Also Read-രാഹുൽ ഗാന്ധിയുടെ 'വയനാട് സ്ഥാനാർഥിത്വം': പരിഹാസവുമായി സ്മൃതി ഇറാനി
യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അഭിഭാഷകൻ കൂടിയായ തേജസ്വി. തീവ്ര ഹൈന്ദവനിലപാടുകളുടെ പേരിൽ അറിയപ്പെടുന്ന തേജസ്വി, മോദിയെ എതിർക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയ വഴി കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കാറുമുണ്ട്. ബിജെപിയുടെ സംസ്ഥാന മീഡിയ മാനേജ്മെന്റിലെ സുപ്രധാന മുഖമായ തേജസ്വി, യെദ്യൂരപ്പ ക്യാംപുമായും നല്ല ബന്ധമാണ് പുലർത്തുന്നത്. ഇയാളുടെ അമ്മാവനായ രവി സുബ്രഹ്മണ്യ ഇതേ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ബസവനഗുഡിയിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്.
അതേസമയം തീവ്രഹൈന്ദവ നിലപാടുകളുടെ പേരിൽ അറിയപ്പെടുന്ന തേജസ്വി സൂര്യയുടെ സ്ഥാനാർഥിത്വം അനന്തകുമാർ ക്യാംപിനെ ഞെട്ടിച്ചിട്ടുണ്ട്. തേജസ്വിനിയെ മറികടന്നുള്ള തേജസ്വിയുടെ സ്ഥാനാർഥിത്വം അനന്തകുമാർ അനുകൂലികൾക്കിടയിൽ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത് തുറന്നു പ്രകടിപ്പിക്കാനോ അല്ലെങ്കിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കാനോ ഇവർ തയ്യാറായിട്ടില്ല. 1977 മുതൽ കോൺഗ്രസ് വിരുദ്ധ മണ്ഡലമാണ് ബംഗളൂരു സൗത്ത്. കഴിഞ്ഞ 10 തെരഞ്ഞെടുപ്പുകളില്‍ ആകെ ഒരു തവണ മാത്രമാണ് കോൺഗ്രസിനെ ഇവിടെ വിജയിക്കാനായത്. 1989 ൽ കോൺഗ്രസ് അംഗം ആർ.ഗുണ്ടുറാവു വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഗുണ്ടുറാവുവിൻറെ മകനായ ദിനേശ് ഗുണ്ടുറാവു ആണ് നിലവിൽ കർണാടക കോൺഗ്രസ് പ്രസിഡന്റും ഗാന്ധിനഗരയിൽ നിന്നും അഞ്ച് തവണ എംഎൽഎയുമായ വ്യക്തിയാണ്.
1991 മുതൽ ബിജെപിയുടെ ഉറച്ച മണ്ഡലമാണ് ബംഗളൂരു സൗത്ത്. ബ്രാഹ്മൺ സീറ്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തെ 1977 മുതൽ ബ്രാഹ്മിൺ വിഭാഗത്തിൽ പെട്ടവർ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ഇൻഫോസിസ് സഹസ്ഥാപകനായ നിലേകനി 2014 ലെ തെരഞ്ഞെടുപ്പിൽ അനന്ത്കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ സുരക്ഷിത സീറ്റായ മണ്ഡലത്തിൽ അഞ്ച് എംഎൽഎമാരാണ് ബിജെപിക്കുള്ളത്. അതുകൊണ്ട് തന്നെ ബിജെപിക്ക് തന്നെയാകും വിജയം എന്നതില്‍ അധികം ആർക്കും സംശയമില്ല. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട തേജസ്വി തന്നെ ഇവിടെ നിന്ന് വിജയിക്കുന്ന പത്താമത്തെ ബ്രാഹ്മണനാകുമോ എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കാം.