തന്റെ ബംഗ്ലാവ് തകര്‍ന്നതുപോലെ നാളെ ഉദ്ദവിന്റെ അഹങ്കാരം തകരുമെന്നായിരുന്നു കെട്ടിടം പൊളിച്ച സംഭവത്തിൽ കങ്കണയുടെ പ്രതികരണം. പിന്നാലെ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലും ആവശ്യപ്പെട്ടിരിക്കുകയാണിവർ. നിങ്ങളുടെ സര്‍ക്കാർ ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുമ്പോൾ നിങ്ങൾ പാലിക്കുന്ന ഈ മൗനത്തിന് ചരിത്രം വിധി പറയുമെന്നാണ് സോണിയാ ഗാന്ധിയെ പരാമർശിച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചത്. മഹാരാഷ്ട്രയിലെ നിങ്ങളുടെ സർക്കാർ എന്നോട് കാണിക്കുന്നതിന് ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾക്ക് മനോവേദനയില്ലേയെന്നും ചോദിക്കുന്ന കങ്കണ വിഷയത്തിൽ ഇടപെടണമെന്നാണ് സോണിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
'ഒരു പാശ്ചാത്യ രാജ്യത്ത് വളർന്ന നിങ്ങൾ ഇവിടെ ഇന്ത്യയിലാണ് ജീവിക്കുന്നത്. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെ കുറിച്ച് അറിവുള്ളവരാണ് നിങ്ങള്‍. നിങ്ങളുടെ സ്വന്തം സർക്കാർ ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ക്രമസമാധാനനില പരിഹസിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഈ മൗനത്തിനും നിസംഗതയ്ക്കും ചരിത്രം വിധി പറയും.. 'നിങ്ങൾ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത് അറിയിച്ചു കൊണ്ട് സോണിയാ ഗാന്ധിയെ പരാമർശിച്ച് കങ്കണ ട്വീറ്റ് ചെയ്തു.
'ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളുടെ സർക്കാർ എന്നോട് കാണിക്കുന്ന സമീപനത്തിൽ മനോവേദനയില്ലേയെന്നാണ് മറ്റൊരു ട്വീറ്റിൽ കങ്കണ ചോദിക്കുന്നത്. ഡോ. അംബേദ്കർ ഞങ്ങൾക്ക് നൽകിയ ഭരണഘടനയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങളുടെ സർക്കാരിനോട് അഭ്യർത്ഥിക്കാൻ കഴിയില്ലേ? എന്നും കങ്കണ ചോദിക്കുന്നു.
