പ്രതിപക്ഷ നേതാവിന്റെ റോൾ ഏറ്റെടുക്കാനും ഏറ്റവും മികച്ചയാളെ തന്നെയാണ് ബിജെപി അന്വേഷിക്കുന്നത്. നാലു പേരെയാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും കർണാടകയിൽ ബിജെപി പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുക. പ്രധാനമായും നാലു പേരുകളാണ് ഈ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
1. എസ്. സുരേഷ് കുമാർ
രാജാജിനഗറിൽ നിന്ന് പല തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് എസ്. സുരേഷ് കുമാർ. മുൻ നിയമമന്ത്രിയും ബ്രാഹ്മണ സമുദായാംഗവും കൂടിയാണ് അദ്ദേഹം. രാഷ്ട്രീയ വിവേകം, അച്ചടക്കം, ബുദ്ധി, സത്യസന്ധത എന്നിവയ്ക്ക് പേരുകേട്ട എസ് സുരേഷ് കുമാറിന്റെ പേര് ബിജെപി പ്രതിപക്ഷ നേതാവാകാൻ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
advertisement
2. അരവിന്ദ് ബല്ലാഡ്
ഹുബ്ലി-ധാർവാഡ് വെസ്റ്റിൽ നിന്നുള്ള എംഎൽഎയായ അരവിന്ദ് ബെല്ലാഡിന്റെ പേരും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലിംഗായത്ത് സമുദായത്തിൽ പെട്ട അദ്ദേഹത്തിന്റെ ജാതി പശ്ചാത്തലവും നയതന്ത്രമികവും ബിജെപി നേതൃത്വം പരിഗണിച്ചേക്കും.
3. വി. സുനിൽകുമാർ
കർണാടകയിൽ ഏറെ സ്വാധീനമുള്ള ബില്ലവ (ഇഡിഗ) സമുദായത്തിൽപ്പെട്ടയാളാണ് മുൻ മന്ത്രിയും കർക്കലയിൽ നിന്നുള്ള എംഎൽഎയുമായ വി സുനിൽ കുമാർ. പാർട്ടിയിലെ ആദരണീയനായ നേതാവു കൂടിയാണ് അദ്ദേഹം.
4. ബി.വൈ. വിജയേന്ദ്ര
ബി.വൈ. വിജയേന്ദ്രയുടെ പേര് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഉയർന്നു വന്നിട്ടുണ്ടെങ്കിലും പരിചയക്കുറവ് ഒരു പോരായ്മയായി കണ്ടേക്കാം. എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിച്ച് പാർട്ടിയെ മികച്ച പ്രതിപക്ഷമായി നയിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ആരാണ് നളിൻ കുമാർ കട്ടീൽ?
ബി.എസ്. യെദ്യൂരപ്പയുടെ പിൻഗാമിയായാണ് ദക്ഷിണ കന്നഡയിൽ നിന്ന് മൂന്ന് തവണ എംപിയായ നളിൻ കുമാർ കട്ടീൽ കർണാടക ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റത്. 2019 ഓഗസ്റ്റിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. പാർട്ടിയുടെ അപ്രതീക്ഷിത തിരഞ്ഞെടുപ്പായിരുന്നു അത്. ആർഎസ്എസിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള കട്ടീൽ ബിജെപി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷുമായി അടുത്ത ബന്ധമുള്ളയാൾ കൂടിയാണ്. കട്ടീലിന്റെ നേതൃത്വത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. 2022 ഓഗസ്റ്റിൽ കട്ടീലിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം അദ്ദേഹത്തിന്റെ കാലാവധി വീണ്ടും നീട്ടി. ഇതും ചില പാർട്ടി പ്രവർത്തകരുടെ അപ്രീതിക്ക് കാരണമായിരുന്നു.