ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി കാസർകോട് സ്വദേശിനി നഗ്മ മുഹമ്മദ് മല്ലിക്കിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചതിനെത്തുടർന്നാണ് വീണ്ടു ഒരു മലയാളി ആ സ്ഥാനത്തേക്കെത്തുന്നത്.
1991 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥയായ നഗ്മ മല്ലിക്ക് നേരത്തെ ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. നഗ്മയുടെ ബാല്യകാലവും പഠനവും ഡൽഹിയിലായിരുന്നു.
advertisement
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ഉണ്ട്. മൂന്നു പതിറ്റാണ്ടായി നയതന്തര രംഗത്ത് സേവനം അനുഷ്ഠിക്കുന്ന നഗമയ്ക്ക് മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഐകെ ഗുജ്റാൾ പ്രധാനമന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരി സാറാ അബൂബക്കറിന്റെ സഹോദര പുത്രിയാണ്. നഗ്മ ഉടൻതന്നെ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
