പൊതുവെ ജയ് എന്ന ചുരുക്ക പേരിലാണ് അദ്ദേഹം ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. ജോലി സംബന്ധമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്യാറുള്ളതെങ്കിലും നിരവധി മറ്റു കേസുകളിലും അദ്ദേഹം കോടതിയിൽ വിജയിച്ചിട്ടുണ്ട്. തടവുകാരെ സന്ദർശിക്കുന്ന ബന്ധുക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഡൽഹി ജയിൽ ചട്ടങ്ങളിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസും നിലവിൽ അദ്ദേഹം സുപ്രീം കോടതിയിൽ വാദിക്കുന്നുണ്ട്.
advertisement
കൂടാതെ 2017- ൽ, 7 വയസ്സുള്ള മകളെ ഡെങ്കിപ്പനി ബാധിച്ച് നഷ്ടപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് ലഭിച്ച നീണ്ട മെഡിക്കൽ ബില്ലുമായി വന്ന ഒരു കുടുംബത്തിന് വേണ്ടി നിയമ പോരാട്ടം നടത്തിയതും ദേഹാദ്രായി ആയിരുന്നു. കൂടാതെ എയർസെൽ- മാക്‌സിസ് അഴിമതിയുമായി ബന്ധപ്പെട്ട് 2012-ൽ ആരോപണം ഉന്നയിച്ചതിന് ഭാരതീയ ജനതാ പാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയെ പ്രതിനിധീകരിച്ചതും ദെഹാദ്രായിയാണ്.
2006- ൽ ഡൽഹി പബ്ലിക് സ്‌കൂൾ ആർ.കെ. പുരത്താണ് അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം 2011 -ൽ പുണെയിലെ ഇന്ത്യൻ ലോ സൊസൈറ്റിയുടെ ലോ കോളേജിൽ നിന്ന് ബിരുദം നേടി. 2010 ഏപ്രിൽ മുതൽ 2010 ജൂൺ വരെ അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. 2010 നവംബർ മുതൽ 2011 ഫെബ്രുവരി വരെ പുനെയിൽ ടാറ്റ മോട്ടോഴ്‌സിൽ റിസർച്ച് ഇന്റേണായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also read-‘മഹുവ മൊയ്ത്ര ഇന്ത്യയിൽ ഉള്ളപ്പോൾ പാർലമെൻ്റ് ഐഡി ദുബായില്‍ ലോഗിൻ ചെയ്തു’
അതേസമയം 40 വർഷത്തിലേറെയായി നിരവധി വിവാദപരവും ഉന്നതവുമായ കേസുകളുമായി പോരാടിയ പ്രമുഖ നിയമ സ്ഥാപനമായ കരഞ്ജവാല & കമ്പനിയിലെ അഭിഭാഷകനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും (2012-2013) വാർട്ടൺ സ്കൂളിൽ നിന്ന് കോർപ്പറേറ്റ് ഡിപ്ലോമസി കോഴ്‌സും ഒരേ സമയം പൂർത്തിയാക്കി. വിദേശത്ത് ജോലി ചെയ്തതിനുശേഷം ആണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുന്നത്.
അങ്ങനെ 2014 മുതൽ 2015 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയുടെ കീഴിൽ നിയമ ഗുമസ്തനായാണ് അദ്ദേഹം തന്റെ ആദ്യ ജോലി ആരംഭിച്ചത്. അങ്ങനെ ഇതുവരെയുള്ള കാലയളവിൽ സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി നിരവധി കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. അതേസമയം മഹുവ മൊയ്ത്രയുടെ മുൻ സുഹൃത്തായിരുന്നു അനന്ത് ദേഹാദ്രായി. ഹെൻറി എന്ന റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ മൊയ്ത്ര തട്ടിക്കൊണ്ടു പോയി എന്ന് ആരോപിച്ച് അദ്ദേഹം പോലീസിൽ പരാതി നൽകിയിരിന്നു.
എന്നാൽ ഈ നായ തന്റേതാണെന്നാണ് മൊയ്‌ത്ര അവകാശപ്പെടുന്നത്. അതേസമയം 75,000 രൂപയ്ക്ക് നായയെ വാങ്ങിയതായി ദേഹാദ്രായി പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാർച്ചിൽ ദേഹാദ്രായി തന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി ചില സ്വകാര്യ വസ്‌തുക്കളും പെയിന്റിംഗുകളും മോഷ്ടിച്ചുവെന്നും മൊയ്‌ത്ര ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയും പിന്നീട് ഇരുവരും ചേർന്ന് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.
എന്നാൽ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് കോഴ വാങ്ങിയ വിഷയത്തിൽ ദേഹാദ്രായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് മൊയ്ത്രയുടെ പരാതിയിൽ പറയുന്നു. അതേസമയം മൊയ്‌ത്രയ്‌ക്കെതിരെ അന്വേഷണ സമിതി രൂപീകരിക്കണമെന്നും അവരെ സഭയിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.