ഫെബ്രുവരി 26 വരെ കുംഭമേള നീണ്ടുനില്‍ക്കുകയും ചെയ്യും. പുണ്യനദികള്‍ ഒത്തുച്ചേരുന്ന ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ച് ശരീരവും ആത്മാവും ശുദ്ധിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീര്‍ത്ഥാടകര്‍ കുംഭമേളയ്ക്ക് എത്തുന്നത്. കുംഭമേളയുടെ പ്രാധാന്യത്തെപ്പറ്റിയും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളെപ്പറ്റിയും പരിശോധിക്കാം.
കുംഭമേളയുടെ പ്രാധാന്യം
ഹൈന്ദവ പുരാണങ്ങളില്‍ പറയുന്ന പാലാഴി മഥനവുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് കുംഭമേളയുടെ അടിസ്ഥാനമെന്ന് പറയപ്പെടുന്നു. പാലാഴി മഥന സമയത്ത് ഉയര്‍ന്നുവന്ന അമൃത കുംഭത്തിനായി ദേവന്‍മാരും അസുരന്‍മാരും നടത്തിയ യുദ്ധവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് കുംഭമേളയ്ക്ക് ആധാരമെന്നാണ് കരുതപ്പെടുന്നത്. ദേവന്‍മാരുടെയും അസുരന്‍മാരുടെയും പോരിനിടെ അമൃത് ഭൂമിയിലെ നാല് പ്രദേശങ്ങളില്‍ വീണു. പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നീ പ്രദേശങ്ങളിലാണ് അമൃത് വീണത്.
advertisement
ഈ പ്രദേശങ്ങളിലാണ് കുംഭമേള നടത്തപ്പെടുന്നത്. തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകമായാണ് കുംഭമേള ആഘോഷിക്കപ്പെടുന്നത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് കുംഭമേളയ്ക്കായി ഈ പുണ്യഭൂമിയിലേക്ക് എത്തുന്നത്. പുണ്യനദികളില്‍ സ്‌നാനം ചെയ്ത് തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് മനസിനെ ശുദ്ധിയാക്കാനാണ് തീര്‍ത്ഥാടകര്‍ കുംഭമേളയ്‌ക്കെത്തുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സമാധാനപരമായി ഒത്തുച്ചേരുന്ന മേള എന്ന ഖ്യാതിയും കുംഭമേളയ്ക്ക് സ്വന്തമാണ്.
കുംഭമേളയിലെ പ്രധാന ചടങ്ങുകള്‍
ഷാഹി സ്‌നാനം
മഹാകുംഭമേളയിലെ പ്രധാന ചടങ്ങാണ് ഷാഹി സ്‌നാനം. ത്രിവേണി സംഗമത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ മുങ്ങിക്കുളിക്കുന്ന ചടങ്ങാണിത്. ഈ പുണ്യ സ്‌നാനത്തിലൂടെ പാപങ്ങള്‍ ഇല്ലാതാകുമെന്നും പൂര്‍വികര്‍ക്ക് മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. സ്‌നാനത്തിന് ശേഷം ഭക്തര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുകയും സന്യാസിമാരുടെ വചനങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു.
ഷാഹി സ്‌നാനം നടക്കുന്ന തീയതികള്‍
- ജനുവരി 13, 2025- പൗഷ് പൂര്‍ണിമ
- ജനുവരി 14- മകരസംക്രാന്തി (ആദ്യ ഷാഹി സ്‌നാനം)
- ജനുവരി 29- മൗനി അമാവസ്യ (രണ്ടാം ഷാഹി സ്‌നാനം)
- ഫെബ്രുവരി 3- ബസന്ത് പഞ്ചമി (മൂന്നാം ഷാഹി സ്‌നാനം)
- ഫെബ്രുവരി 4- അച്‌ല സപ്തമി
- ഫെബ്രുവരി 12- മാഗി പൂര്‍ണിമ
- ഫെബ്രുവരി 26- മഹാശിവരാത്രി (അവസാന സ്‌നാനം)
ആരതി
മഹാകുംഭമേളയിലെത്തുന്നവരുടെ മനംകവരുന്ന കാഴ്ചകളിലൊന്നാണ് ഗംഗാ ആരതി. പുരോഹിതര്‍ ഗംഗാ നദിയുടെ തീരത്ത് വലിയ വിളക്കുകളേന്തി ആരതിയുഴിയുന്ന ചടങ്ങാണിത്. നിരവധി പേരാണ് ഗംഗാ ആരതിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഇവിടേക്ക് എത്തുന്നത്.
കല്‍പവസ്
രണ്ട് സംസ്‌കൃത വാക്കുകളില്‍ നിന്നാണ് കല്‍പവസ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. കല്‍പ എന്ന വാക്കിന്റെ അര്‍ത്ഥം 'നീണ്ട കാലയളവ്' എന്നും വസ് എന്നാല്‍ വാസസ്ഥലം എന്നുമാണ് അര്‍ത്ഥം. ഈ സമയത്ത് ഭക്തര്‍ ആഡംബരങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കുന്നു. ധ്യാനം, പ്രാര്‍ത്ഥന എന്നിവയില്‍ മുഴുകി ഭക്തര്‍ ആത്മീയതിലേക്ക് ലയിക്കുന്നു. മഹാകുംഭമേളയുടെ പ്രധാനപ്പെട്ട ഘടകമാണ് കല്‍പവസ്.
പ്രാര്‍ത്ഥനകള്‍
ദേവ് പൂജന്‍ ആണ് മഹാകുംഭമേളയുടെ മറ്റൊരു പ്രധാന ചടങ്ങ്. ദേവീദേവന്‍മാരെ പൂജിക്കുന്ന ചടങ്ങാണിത്. കൂടാതെ പൂര്‍വികര്‍ക്ക് ശ്രാദ്ധം നല്‍കുന്ന ചടങ്ങും തലമുണ്ഡനം ചെയ്യുന്ന ചടങ്ങും മഹാകുംഭമേളയോട് അനുബന്ധിച്ച് നടത്തപ്പെടുന്നു. കൂടാതെ പശുദാനം, വസ്ത്രദാനം എന്നിവയും മേളയോട് അനുബന്ധിച്ച് നടത്തിവരുന്നു. ആവശ്യക്കാര്‍ക്ക് പണവും സ്വര്‍ണവും ദാനം ചെയ്യുന്നതും മഹാകുംഭമേളയുടെ പ്രധാന ചടങ്ങുകളിലൊന്നാണ്. ഇതിലൂടെയെല്ലാം ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
ദീപ ദാനം
ഭക്തര്‍ ദീപങ്ങള്‍ പുണ്യനദിയില്‍ ഒഴുക്കിവിടുന്ന ചടങ്ങാണിത്. പൂര്‍വികരോടും ദൈവങ്ങളോടുമുള്ള നന്ദി സൂചകമായാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. കുംഭമേളയ്ക്ക് കൂടുതല്‍ മിഴിവേകുന്ന ചടങ്ങുകളിലൊന്നാണിത്.
പ്രയാഗ് രാജ് പഞ്ചകോഷി പരിക്രമ
മഹാകുംഭമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രയാഗ് രാജ് പഞ്ചകോഷി പരിക്രമയ്ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഈ ചടങ്ങിനിടെ ഭക്തര്‍ ദ്വാദശ് മാധവ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് ആത്മീയദര്‍ശനം നേടുന്നു. ഈ പ്രദേശങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും ഈ ചടങ്ങ് സഹായിക്കുന്നു.