പാക്കിസ്ഥാന്‍ ബന്ധം, സാമ്പത്തിക ക്രമേക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വാങ്ചുക്കിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം തെറ്റാണെന്ന് ഗീതാഞ്ജലി പിടിഐയോട് പറഞ്ഞു. വാങ്ചുക്കിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ പ്രശസ്ത സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ക്ഷണപ്രകാരമാണെന്നും കാലാവസ്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.
"കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. ഹിമാലത്തിന്റെ മുകളിലെ ഹിമാനികള്‍ പാക്കിസ്ഥാനിലേക്കോ ഇന്ത്യയിലേക്കോ ഒഴുകുന്നുണ്ടോ എന്ന് കാണുന്നില്ല", ഗീതാഞ്ജലി ആങ്‌മോ പറഞ്ഞു.
ഫെബ്രുവരിയില്‍ യുണൈറ്റഡ് നാഷന്‍സ് പാക്കിസ്ഥാനും ഡോണ്‍ മീഡിയയും സംഘടിപ്പിച്ച ബ്രീത്ത് പാക്കിസ്ഥാന്‍ സമ്മേളനത്തില്‍ വാങ്ചുക് പങ്കെടുത്തതിനെ കുറിച്ചും അവര്‍ സംസാരിച്ചു. ഇത് ബഹുരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
advertisement
ലഡാക്കിലെ പ്രക്ഷോഭങ്ങള്‍ക്ക് വാങ്ചുക് പ്രേരിപ്പിച്ചുവെന്ന ആരോപണം തെറ്റായിപ്പോയി എന്ന് വിശേഷിപ്പിച്ച ആങ്‌മോ സാധ്യമായ ഗാന്ധിയന്‍ രീതിയിലാണ് അദ്ദേഹം പ്രതിഷേധിക്കുന്നതെന്നും സിആര്‍പിഎഫിന്റെ നടപടികള്‍ കാരണം സെപ്റ്റംബര്‍ 24-ന് സാഹചര്യം വഷളായി എന്നും വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സമാധാനപരമല്ലാത്ത പദ്ധതികളെക്കുറിച്ച് സോനത്തിന് അറിയില്ലായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചപ്പോള്‍ യുവാക്കള്‍ പ്രതികരിച്ചുവെന്നും സാഹചര്യം അക്രമാസക്തമായെന്നും അവര്‍ വിശദമാക്കി. വെടിയുതിര്‍ക്കാന്‍ സിആര്‍പിഎഫിന് ആരാണ് അവകാശം നല്‍കിയതെന്നും അവര്‍ ചോദിച്ചു.
വാങ്ചുക് തടവിലാക്കപ്പെട്ടതിനുശേഷം അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആങ്‌മോ കൂട്ടിച്ചേര്‍ത്തു. തടങ്കല്‍ ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ നിയമപരമായ സഹായം തേടുമെന്നും ആങ്‌മോ വിശദമാക്കി.
വിദ്യാര്‍ത്ഥികളും യുവാക്കളും സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനുവേണ്ടിയാണ് അവിടെയെത്തിയതെന്ന് കാണിക്കുന്ന വീഡിയോകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. വാങ്ചുക് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തിലും ആങ്‌മോ മറുപടി നല്‍കി. വാങ്ചുക്കിന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കുപ്പെട്ടതാണെന്നും ആങ്‌മോ ആരോപിച്ചു. അദ്ദേഹത്തിനെതിരെയുള്ള ദേശവിരുദ്ധ ലേബലും അവര്‍ നിരസിച്ചു.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച വാങ്ചുക്കിനെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റി.
ലഡാക്ക് ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനും സംസ്ഥാന പദവിക്കും വേണ്ടിയുള്ള നിരാഹാര സമരത്തിനിടെ വാങ്ചുക് പ്രകോപനപരമായ പ്രസ്താവനകളിലൂടെ ആളുകളെ പ്രകോപിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് വാങ്ചുക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ 15 ദിവസം ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരം കിടന്നു. സെപ്റ്റംബര്‍ 24-ന് സമരം അവസാനിപ്പിച്ചു.
ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന വാങ്ചുക്കിന്റെ പ്രസംഗങ്ങളില്‍ അറബ് വസന്തക്കാല പ്രതിഷേധങ്ങളെയും നേപ്പാളിലെ ജെന്‍സി പ്രതിഷേധത്തെയും കുറിച്ച് പരാമര്‍ശിച്ചതിന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സോനം വാങ്ചുക്കിന്റെ എന്‍ജിഒയുടെ എഫ്‌സിആര്‍എ സര്‍ട്ടിഫിക്കറ്റും ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.