അതേസമയം അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയെ പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി എന്ന് മൊയ്ത്ര വിശേഷിപ്പിച്ചു. ‘അദ്ദേഹം (ദേഹാദ്രായി) എങ്ങനെയെങ്കിലും എന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ ആഗ്രഹിച്ച ഒരു വ്യക്തി ആണ്. എന്റെ എല്ലാ അഴിമതികൾക്കും അയാൾ സാക്ഷിയായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നത്. ഇത് പരസ്യമാക്കാൻ എന്തിനാണ് അദ്ദേഹം ഇതുവരെ കാത്തിരുന്നത്” എന്നും എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മൊയ്‌ത്ര ചോദിച്ചു.
advertisement
ബിജെപി എംപി നിഷികാന്ത് ദുബെയും മൊയ്ത്രയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും ചേർന്നാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി മൊയ്‌ത്ര കൈപ്പറ്റിയ ആഡംബര വസ്തുക്കളുടെ ലിസ്റ്റും അഭിഭാഷകനായ ദേഹാദ്രായി പുറത്തു വിട്ടിട്ടുണ്ട്. ലിസ്റ്റുചെയ്ത ഉൽപ്പന്നങ്ങളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ പട്ടികയിൽ ആദ്യം കൈപ്പറ്റിയ ആഡംബര സമ്മാനം ഐഫോൺ ആണെന്നാണ് പറയപ്പെടുന്നത്. ഇതിൽ മഹുവ മൊയ്‌ത്രയുടെ ഫേസ്ബുക്ക് പേജിലെ സമീപകാല ഫോട്ടോഗ്രാഫുകളിൽ ഒന്നിൽ 14 പ്രോ മോഡലിന് സമാനമായ ഒരു ഐഫോൺ അവർ കൈവശം വച്ചിരിക്കുന്നത് തെളിവായും സൂചിപ്പിച്ചിട്ടുണ്ട് . ആമസോണിൽ ഈ മോഡൽ ഫോണിന്റെ വില ഏകദേശം 1,39,900 രൂപയോളം വരും. രണ്ടാമത്തെ ഇനം ഹെർമിസിന്റെ സ്കാർഫുകളാണ് എന്നാണ് റിപ്പോർട്ട്.
ഹെർമിസിന്റെ യുഎസ് വെബ്‌സൈറ്റിൽ ഒരു ചെറിയ സ്കാർഫിന് ഏകദേശം 510 ഡോളർ വിലയുണ്ട്. ഇവ ഇന്ത്യയിൽ 30,000 രൂപ മുതൽ 38,000 രൂപ വരെ വിലയിൽ ലഭ്യമാണ്. എന്നാൽ ഈ ഇനത്തിൽപ്പെട്ട സ്കാർഫുകളുടെ എണ്ണം അഭിഭാഷകൻ ദേഹാദ്രായി പരാമർശിച്ചിട്ടില്ല. ലൂയിസ് വിറ്റണിൽ നിന്നുള്ള സ്കാർഫുകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നാമത്തെ ആഡംബര സമ്മാനം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യൻ സ്റ്റോറുകളിൽ ലൂയിസ് വിറ്റണിന്റെ സ്കാർഫുകൾക്ക് 50,000 മുതൽ 4,95,000 രൂപ വരെയാണ് വില.
കൂടാതെ സാൽവറ്റോർ ഫെറാഗമോയിൽ നിന്നുള്ള 35 ജോഡി ഷൂകളും മൊയ്ത്ര വാങ്ങിയതായി ആരോപിക്കുന്നുണ്ട്. ഫാഷിയോല പോലെയുള്ള ലക്ഷ്വറി ബ്രാൻഡ് വെബ്സൈറ്റുകളിൽ ആണ് ഈ ഷൂസ് ലഭ്യമാവുക. ഇതിന്റെ വില 70000 മുതൽ 1,10,000 രൂപ വരെയാണ് കണക്കാക്കുന്നത്. കൂടാതെ ഒരു ജോഡിക്ക് ശരാശരി 80,000 രൂപ വില കണക്കാക്കിയാൽ ഷൂസിന്റെ ആകെ മൂല്യം മാത്രം 28 ലക്ഷം രൂപ വരും. ഈ ലിസ്റ്റിലെ അടുത്ത ഇനം ഫ്രാൻസിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള വൈനുകൾ ആണ്. ഒരു കുപ്പിക്ക് 5,000 മുതൽ 50,000 രൂപ വരെ ഇതിന് ചെലവ് വരും. ഗൂച്ചിയുടെ ബാഗുകളും സമ്മാനമായി നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ ബാഗുകൾക്ക് ഇന്ത്യയിൽ 2,00,000 രൂപ വരെ വിലയുണ്ട്.