അപ്പോഴാണ് തന്റെ പേരുപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ ഹത്തഗിയ്ക്ക് മനസ്സിലായത്. വിശദമായ അന്വേഷണത്തില്‍ ഹത്തഗിയല്ല സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് പൊലീസിനും മനസ്സിലായി. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക ഡിജിപി പ്രേംരാജ് ഹത്തഗിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി പ്രേംരാജിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.
Also Read- മംഗളൂരു സ്‌ഫോടനക്കേസിൽ അന്വേഷണം കേരളത്തിലേക്കും; പ്രതി ആലുവയിലും എത്തി
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുമകുരു റെയില്‍വേ ഡിവിഷനില്‍ ട്രാക്ക്‌മെന്‍ ആയി ജോലി ചെയ്യുകയാണ് ഹത്തഗി. അദ്ദേഹത്തിന് തന്റെ ആധാര്‍ കാര്‍ഡ് രണ്ട് തവണയാണ് നഷ്ടപ്പെട്ടത്. തുമകുരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അവസാനമായി ആധാര്‍ നഷ്ടപ്പെട്ടത്. ഒരു 6 മാസം മുമ്പായിരുന്നു ഇത്. ഈ ആധാര്‍ കാര്‍ഡ് കൈക്കലാക്കിയ ആരോ ഒരാളാണ് മംഗളുരു സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
advertisement
ആധാര്‍ നഷ്ടപ്പെട്ടെങ്കിലും അതില്‍ വലിയ ആശങ്കയൊന്നും ഹത്തഗിയ്ക്കുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ആധാര്‍ വെബ്‌സൈറ്റില്‍ കയറി പുതിയ ആധാര്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.
' ആധാര്‍ ആദ്യം നഷ്ടപ്പെട്ട സമയത്ത് ഞാന്‍ അക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നില്ല. ഇതാദ്യമായല്ല എന്റെ കൈയില്‍ നിന്ന് ആധാര്‍ നഷ്ടപ്പെടുന്നത്. ആദ്യം നഷ്ടപ്പെട്ടത് എന്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യവെയായിരുന്നു. പകരമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കലും എന്റെ തിരിച്ചറിയില്‍ രേഖകള്‍ ഇത്തരമൊരു രാജ്യദ്രോഹക്കുറ്റത്തിന് വേണ്ടി ആരെങ്കിലും ഉപയോഗിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പൊലീസ് ഈ വിവരങ്ങളെപ്പറ്റി എന്നോട് ആദ്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു', ഹത്തഗി പറഞ്ഞു.
Also Read- മംഗളുരു സ്ഫോടനം: പിഎഫ്ഐ നേതാവ് കസ്റ്റഡിയിൽ; എൻഐഎ അന്വേഷണം ആരംഭിച്ചു
ശനിയാഴ്ച രാവിലെ തുമകുരു പൊലീസ് സ്റ്റേഷനില്‍ നിന്ന് ഹത്തഗിയ്ക്ക് വന്ന ആദ്യത്തെ ഫോണ്‍കോളാണ് ജീവിതത്തെ തന്നെ മാറ്റിമറിച്ചതെന്ന് അദ്ദേഹം പറയുന്നു. നിങ്ങളുടെ ആധാര്‍ നഷ്ടപ്പെട്ടിരുന്നോ എന്നായിരുന്നു പൊലീസിന്റെ ചോദ്യം. അതെയെന്ന് ഉത്തരം നല്‍കിയതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസുകാര്‍ ചോദിച്ചു. ഹുബ്ബള്ളിയിലെ കുടുംബത്തിന്റെ വിവരവും മറ്റ് വ്യക്തിഗതവിവരങ്ങളും ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഫോട്ടോ പതിച്ച എല്ലാ തിരിച്ചറിയല്‍ രേഖകളുമായി ഉടന്‍ എത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെയാണ് കാര്യത്തിന്റെ ഗൗരവം ഹത്തഗിയ്ക്ക് മനസ്സിലായത്.
' സ്‌ഫോടനത്തെപ്പറ്റി പൊലീസുകാരാണ് എന്നോട് പറഞ്ഞത്. അതോടൊപ്പം എഡിജിപി ആലോക് കുമാറും എന്നെ വിളിച്ചു. വിവരങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം വിളിച്ചത്. അതോടെയാണ് എനിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. വല്ലാത്ത ഭയവുമുണ്ടായിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ നിരപരാധിയാണ്,' ഹത്തഗി പറഞ്ഞു.
തുടര്‍ന്ന് പൊലീസ് ഹുബ്ബള്ളിയിലെത്തി ഹത്തഗിയുടെ വീട്ടുകാരെ കണ്ടു. ഹത്തഗി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തന്റെ മകന്റെ ആധാര്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന വിവരം ഹത്തഗിയുടെ പിതാവും പൊലീസിനെ അറിയിച്ചിരുന്നു.
മംഗളുരു സ്‌ഫോടനം നടത്തിയ പ്രതി, പ്രേം രാജ് ഹത്തഗിയുടെ ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് മൈസൂരുവിലെ മേത്തഗള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ വെച്ചാണ് പ്രതി സ്‌ഫോടനത്തിന് ആവശ്യമായ ബോംബുകള്‍ നിര്‍മ്മിച്ചത്. കര്‍ണ്ണാടകയില്‍ ഉടനീളം സ്‌ഫോടനത്തിന് പ്രതി ആഹ്വാനം ചെയ്തിരുന്നതായും പൊലീസ് പറയുന്നു.
Also Read- എന്താണ് പ്രഷര്‍ കുക്കര്‍ ബോംബ്? എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്?
'പ്രതിയായ ഷാരിഖ് വ്യാജ ആധാര്‍ കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. അത് തുമകുരുവിലെ പ്രേംരാജ് ഹത്തഗിയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് തവണയാണ് ഹത്തഗിയ്ക്ക് അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടത്. ഇതുകൊണ്ടാണ് ആളുകള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ വളരെയധികം സൂക്ഷിക്കണമെന്ന് പറയുന്നത്. ഇനി അഥവാ അവ നഷ്ടപ്പെട്ടാല്‍ ആ വിവരം കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. അല്ലെങ്കില്‍ അവ പല ക്രൂരകൃത്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടാം,' ഡിജിപി പറഞ്ഞു.
കര്‍ണ്ണാടകയില്‍ നഷ്ടപ്പെടുന്ന രേഖകള്‍ ലഭിക്കുന്നതിനായി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ പോകണമെന്നില്ലെന്നും അതിനായി ഒരു ആപ്ലിക്കേഷന്‍ തന്നെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.