സണ്‍ഡേ ഗാര്‍ഡിയന്‍ എഡിറ്ററും മുന്‍ സഹപ്രവര്‍ത്തകയുമായ ജൊയീറ്റ ബസുവാണ് അക്ബറിന് അനുകൂലമായി രംഗത്തെത്തിയത്. അക്ബര്‍ മാന്യനായ വ്യക്തിയാണെന്നായിരുന്നു ജൊയിറ്റയുടെ മൊഴി.
അക്ബറിനെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് പ്രിയ രമണി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയതെന്നും ജൊയിറ്റ ആരോപിച്ചു.
അക്ബറിനൊപ്പം താന്‍ 20 വര്‍ഷം ജോലി ചെയ്തിട്ടും ആരും ഒരു പരാതിയും പറഞ്ഞു കേട്ടില്ല. പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി മാന്യനായ ഒരു അധ്യാപകന്‍ കൂടിയാണ് അക്ബറെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി. പ്രിയ രമണിക്കെതിരെ അക്ബര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ജൊയീറ്റ സാക്ഷി പറയാന്‍ കോടതിയിലെത്തിയത്.
advertisement
വിഖ്യാത മാധ്യമപ്രവര്‍ത്തകനും വിദഗ്ധനായ എഴുത്തുകാരനുമായ അദ്ദേഹം സമ്പൂര്‍ണ്ണനായ മാന്യനാണെന്നും തന്റെ കണ്ണില്‍ കുറ്റമറ്റ കീര്‍ത്തിയുള്ള മനുഷ്യനാണ് അക്ബറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ. അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് പ്രിയ രമണി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് അക്ബറിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ് അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.
