ഇത്തവണ ജോലി ചെയ്തു കൊണ്ടിരിക്കെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കേൾക്കേണ്ടി വന്ന രസകരമായ ചില ഒഴിവുകഴിവുകളാണ് മുംബൈ പൊലീസ് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനസമയത്ത് വീട്ടിൽ നിന്ന് പുറത്തു പോകുന്നതിനായി ആളുകൾ പറയുന്ന ഒഴിവുകഴിവുകളാണ് പോസ്റ്റിന്റെ പ്രതിപാദ്യ വിഷയം.
പുറത്തിറങ്ങാൻ ജനങ്ങൾ പറയുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്, 'മെഡിക്കൽ എമർജൻസിയാണ് സർ, ഒരു ബാൻഡ് എയിഡ് വാങ്ങണം' - എന്നതാണെന്ന് മുംബൈ പൊലീസിന്റെ പോസ്റ്റിൽ പറയുന്നു. അവർ പങ്കുവെച്ച രണ്ടാമത്തെ ചിത്രത്തിൽ പരാമർശിച്ച മറ്റൊരു കാരണം ഇതായിരുന്നു: 'നല്ല വിശപ്പ് തോന്നുന്നു. വടാപാവ് കഴിക്കാൻ വന്നതാണ്'.
മെയ് രണ്ടിന് ലോക ചിരി ദിനത്തിന്റെ അവസരത്തിലാണ് മുംബൈ പൊലീസ് നർമം കലർന്ന ഈ പോസ്റ്റുകൾ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഉടനെ തന്നെ അവ വൈറലായി മാറുകയായിരുന്നു. 'മുന്നറിയിപ്പ്: ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും യഥാർത്ഥമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് മനഃപൂർവം ചെയ്തതാണ്' - എന്നാണ് ആ പോസ്റ്റുകൾക്ക് മുംബൈ പൊലീസ് ക്യാപ്‌ഷൻ നൽകിയത്.
വാലറ്റിൽ ഒതുങ്ങുന്ന പുതിയ ആധാർ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടത് ഇത്രമാത്രം
പോസ്റ്റ് ചെയ്ത ഉടനെ തന്നെ വലിയ പ്രചാരം നേടിയ ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലർ ഈ ഒഴിവുകഴിവുകളും കാരണങ്ങളും ഒക്കെ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. മറ്റു ചിലർ രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചതിന് മുംബൈ പൊലീസിനെ പ്രശംസിച്ചു.
കഴിഞ്ഞ ആഴ്ച അശ്വിൻ വിനോദ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവിന്റെ ട്വീറ്റിന് മുംബൈ പൊലീസ് നൽകിയ മറുപടിയും ഇത്തരത്തിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 'ഏത് സ്റ്റിക്കർ ഉപയോഗിച്ചാണ് എനിക്ക് വീട്ടിന് പുറത്തു പോയി എന്റെ കാമുകിയെ കാണാൻ കഴിയുക? എനിക്ക് അവളെ മിസ് ചെയ്യുന്നു' എന്നായിരുന്നു മുംബൈ പൊലീസിനെ ടാഗ് ചെയ്തു കൊണ്ട് അശ്വിൻ ചോദിച്ചത്. 'നിങ്ങൾക്ക് അത് അത്യാവശ്യമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഞങ്ങളുടെ അവശ്യ സേവനങ്ങളുടെയോ അടിയന്തിര ആവശ്യങ്ങളുടെയോ വിഭാഗത്തിൽ ഇത് ഉൾപ്പെടുന്നില്ല' - എന്നായിരുന്നു മുംബൈ പൊലീസിന്റെ മറുപടി. സഹതാപം നിറഞ്ഞ ട്വീറ്റിൽ പൊലീസ് ആ കാമുകീകാമുകന്മാർക്ക് ആശംസകളും നേർന്നിരുന്നു.
എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ലോക ചിരിദിനമായി ആഘോഷിക്കാറുള്ളത്. ചിരിയെക്കുറിച്ചും അതിന്റെ ആരോഗ്യസംബന്ധമായ പ്രയോജനങ്ങളെക്കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കാനുമാണ് ഈ ദിനാചരണം നടത്താറുള്ളത്. 1998 മെയ് 10നാണ് ആദ്യമായി ചിരിദിനം ആഘോഷിച്ചത്. മുംബൈ സ്വദേശിയും ആഗോള തലത്തിലുള്ള ലാഫ്ർ യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഡോ. മദൻ കട്ടാരിയ ആയിരുന്നു അതിന് പിന്നിൽ.