ന്യൂഡൽഹി: കോവിഡ് 19ന്റെ രണ്ടാം തരംഗത്തിൽ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ താരമായ പാറ്റ് കമ്മിൻസ് 37 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചത് വലിയ വാർത്ത ആയിരുന്നു. പി എം കെയഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ച പാറ്റ് കമ്മിൻസിന് നന്ദി രേഖപ്പെടുത്തിയും അഭിനന്ദിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഓസ്ട്രേലിയൻ സ്റ്റാർ പേസർ ആയ കമ്മിൻസ് ഐ പി എല്ലിൽ കെ കെ ആർ താരമാണ്.
എന്നാൽ, പി എം കെയഴ്സ് ഫണ്ടിലേക്ക് തുക നൽകാനുള്ള തീരുമാനം പിൻവലിച്ചിരിക്കുകയാണ് പാറ്റ് കമ്മിൻസ്. പകരം, യുനിസെഫ് ഓസ്ട്രേലിയയിലൂടെ ആയിരിക്കും തന്റെ സംഭാവന ചെലവഴിക്കുകയെന്ന് പാറ്റ് കമ്മിൻസ് അറിയിച്ചിരിക്കുകയാണ്. ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ഓസ്ട്രേലിയ'യ്ക്ക് പണം നൽകണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിൻസ് മനം മാറ്റിയത്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടേത് മികച്ച ആശയമാണെന്നും കമ്മിൻസ് വ്യക്തമാക്കി. പി എം കെയഴ്സിലേക്ക് 50,000 യുഎസ് ഡോളർ അഥവാ 37 ലക്ഷം രൂപ നൽകുമെന്നാണ് കമ്മിൻസ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ, ജനങ്ങളെ സംഭാവന നൽകാനായി പ്രേരിപ്പിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടേതായി 50,000 യു എസ് ഡോളറും സംഭാവനയായി നൽകിയിട്ടുണ്ട്.