തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) 1.02 കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍ (muslim couple) . ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവുമാണ് ചൊവ്വാഴ്ച ടിടിഡിക്ക് സംഭാവന കൈമാറിയത്. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയാണ് ദമ്പതികളില്‍ നിന്ന് ഡിഡി (DD) ഏറ്റുവാങ്ങിയത്.
പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റെസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും നല്‍കിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്ന് അവര്‍ ഇഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളോടൊപ്പമാണ് ദമ്പതികള്‍ തിരുമലയില്‍ ദര്‍ശനം നടത്തിയത്. 'ലക്ഷ്മി മരം' (lakshmi tree) എന്ന പുണ്യവൃക്ഷവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് അവര്‍ പൂജ നടത്തുകയും ചെയ്തു. സങ്കുമിട്ട കോട്ടേജസ് പ്രദേശത്താണ് ലക്ഷ്മി മരം സ്ഥിതി ചെയ്യുന്നത്.
advertisement
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ ടിടിഡിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് തിരുമലയിലെ രംഗനായകുല മണ്ഡപത്തില്‍ വെച്ച് ടിടിഡി ഇഒ എ വി ധര്‍മ റെഡ്ഡിക്കാണ് അദ്ദേഹം കൈമാറിയത്.
അതിനിടെ, ഭക്തര്‍ക്ക് പ്രദേശത്തെ 40 ഓളം സ്ഥലങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ടിടിഡി 'തിരുമല ദര്‍ശിനി' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ലഗേജ് സേവനങ്ങള്‍, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍, കോട്ടേജുകള്‍, ഗസ്റ്റ് ഹൗസുകള്‍, വൈകുണ്ഠം ക്യൂ കോംപ്ലക്സ്, മാട സ്ട്രീറ്റ് ലഡ്ഡു കൗണ്ടറുകള്‍, ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള വഴികള്‍ ആപ്ലിക്കേഷനിലൂടെ കണ്ടെത്താനാകും.
കഴിഞ്ഞ വര്‍ഷം, തിരുപ്പതി വെങ്കടേശ്വരന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ വാള്‍ ഹൈദരാബാദിലെ വ്യവസായി കാണിക്കയായി സമര്‍പ്പിച്ചിരുന്നു. അഞ്ച് കിലോഗ്രാം ഭാരമുള്ള വാള്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ്. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ പറഞ്ഞിരുന്നു. സൂര്യകഠാരി ഇനത്തില്‍പ്പെട്ട വാളാണ് ലഭിച്ചിരുന്നത്. വ്യവസായിയും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്നാണ് വാള്‍ കൈമാറിയത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധര്‍മ റെഡ്ഡിയാണ് വാള്‍ ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിലെ പ്രശസ്തനായ സ്വര്‍ണപ്പണിക്കാരാണ് വാള്‍ നിര്‍മിച്ചത്. ആറുമാസ കാലമെടുത്താണ് വാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വര്‍ണ വാള്‍ ഒരാള്‍ വെങ്കിടേശ്വരന് സമര്‍പ്പിക്കുന്നത്. 2018 ല്‍ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നുള്ള ഒരു പ്രശസ്ത തുണി വ്യാപാരിയായ തങ്ക ദുരൈ സമാനമായ ഒരു വാള്‍ സമര്‍പ്പിച്ചിരുന്നു. ആറ് കിലോ സ്വര്‍ണം കൊണ്ട് തയ്യാറാക്കിയിയ വാളിന് ഏകദേശം 1.75 കോടി രുപയാണ് മൂല്യം.