“രാമ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടതാണോ എന്ന് എനിക്ക് അറിയില്ല. രാമക്ഷേത്രത്തിലെ പൂജാരി ഇത് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു, എന്നാൽ അമിത് ഷാ പൂജാരിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കിൽ എതിർപ്പില്ല. യഥാർത്ഥ പ്രശ്‌നങ്ങൾ വഴിതിരിച്ചുവിടാനാണ് രാമക്ഷേത്രം പോലുള്ള പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്”എന്നും പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
അടുത്ത ജനുവരിയോടെ രാമക്ഷേത്രം തുറക്കുമെന്ന് അമിത് ഷാ ത്രിപുരയിൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഷായെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്റെ പരാമർശം.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ശരത് പവാർ പ്രശംസിച്ചു. ഭാരത് ജോഡോ യാത്ര പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കുള്ള മറുപടിയാണ് ഭാരത് ജോഡോ യാത്രയെന്നും പവാർ പറഞ്ഞു.
“രാഹുൽ ഗാന്ധി യാത്ര തുടങ്ങിയപ്പോൾ അത് ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ നിരവധി സാമൂഹിക സംഘടനകൾ യാത്രയിൽ പങ്കെടുത്തു. ഗ്രാമങ്ങളിൽ നിന്നുള്ള സാധാരണക്കാരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കുള്ള ഉത്തരമാണ് ഈ യാത്ര. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കുന്നതിനും പദയാത്ര സഹായകമാകുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാ വികാസ് അഘാഡിയുടെ (എംവിഎ) ഘടകകക്ഷികളായ ശിവസേനയും കോൺഗ്രസിന്റെ ഉദ്ധവ് താക്കറെ വിഭാഗവും ഒരുമിച്ച് നിന്ന് പോരാടണമെന്നും പവാർ പറഞ്ഞു. ശിവസേന പിളർന്നെങ്കിലും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഉറച്ച ശിവസൈനികരാണ് ഉദ്ധവ് താക്കറെക്ക് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് ദീർഘകാല സഖ്യകക്ഷിയായ ബിജെപിയുമായി താക്കറെ പിരിഞ്ഞിരുന്നു. തുടർന്ന് സംസ്ഥാനത്ത് എംവിഎ സർക്കാർ രൂപീകരിക്കാൻ എൻസിപിയുമായും കോൺഗ്രസുമായും സഖ്യം രൂപീകരിച്ചു. എന്നാൽ 2022 ജൂണിൽ താക്കറെ സർക്കാർ വീണു.കോൺഗ്രസും എൻസിപിയും ഉദ്ധവ് താക്കറെയും ലോക്‌സഭാ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നതാണ് ഇപ്പോഴത്തെ ധാരണയെന്ന് സഖ്യ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പവാർ കൂട്ടിച്ചേർത്തു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 മെയ് മാസത്തിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം ഒക്ടോബറിലുമാണ്. മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള അതിർത്തി തർക്ക വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിവിധ പാർട്ടികളുമായി യോഗം വിളിച്ചിട്ടുണ്ടെന്നും പവാർ പറഞ്ഞു.