ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സ്ത്രീകള്‍ ഇന്നും വിദ്യാഭ്യാസമില്ലാത്തവരായി തുടരുകയാണെന്നും പുരുഷന്‍മാര്‍ മുന്‍കൈയെടുക്കാതിരുന്നാൽ ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നിതീഷിന്റെ പ്രസ്താവന.
എന്നാൽ ബീഹാർ മുഖ്യമന്ത്രിക്ക് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആഞ്ഞടിച്ചു.
‘സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ജനസംഖ്യാ നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു. ജനസംഖ്യാ നിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മാർഗങ്ങൾ അവർ സ്വീകരിക്കുമായിരുന്നു. പുരുഷന്‍മാര്‍ക്ക് തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം അറിയില്ല. സ്ത്രീകളാണ് അതിന് മുന്‍കൈയെടുക്കേണ്ടത്,’ എന്നിങ്ങനെയായിരുന്നു നിതീഷിന്റെ വിവാദ പരാമർശം.
Also read-കറൻസി നോട്ടിൽ പേന കൊണ്ട് എഴുതിയാൽ അസാധുവാകുമോ? കേന്ദ്രം പറയുന്നതിങ്ങനെ
ലിംഗ വിവേചനം നിറഞ്ഞതാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. ആര്‍ജെഡിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം ഇത്തരം വിഡ്ഢിത്തവും ലൈംഗികതയും നിറഞ്ഞ പരാമർശങ്ങൾ നടത്തുന്നതെന്ന് ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.
‘ബീഹാര്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ്. അദ്ദേഹം തന്റെ നാവ് നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നു. ആര്‍ജെഡിയുടെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹം സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. പുരുഷന്‍മാര്‍ക്ക് തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി ഒന്നും അറിയില്ലെന്നും അവരുടെ പ്രവൃത്തിയുടെ ഫലമായി കുട്ടികളുണ്ടാകുമെന്ന് അവര്‍ ചിന്തിക്കില്ലെന്നുമായിരുന്നു കുറച്ച് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞത്. കോളേജില്‍ പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികളുടെ പിന്നാലെ താന്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം സെക്‌സിസ്റ്റ് പരാമർശങ്ങൾ പിന്‍വലിക്കണമെന്നും,’ നിഖില്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയാണെന്നാണ് ആര്‍ജെഡി നേതൃത്വത്തിന്റെ മറുപടി. ജനസംഖ്യ നിയന്ത്രണം സാധ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനിവാര്യമാണ് എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും അര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചു.
ബീഹാറിലെ സരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യയുയരുമ്പോഴും പരസ്പരം പോരടിച്ച് ബിജെപിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തിയിരുന്നു. മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 60 കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക കണക്കുകളില്‍ 28 പേരുടെ മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ ബിജെപിയെ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുണ്ടായ ദുരന്തം ഓര്‍മ്മപ്പെടുത്തികൊണ്ടാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യാജ മദ്യം കഴിച്ച് മരണപ്പെടുന്നവരുടെ എണ്ണം ബീഹാറില്‍ കുറവാണെന്നായിരുന്നു നിതീഷിന്റെ വാദം. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവമായിരുന്നു ഗുജറാത്തിലെ മോര്‍ബി പാലത്തിന്റെ തകര്‍ച്ച. എന്നാല്‍ അത് ഒരു ദിവസത്തെ പത്രവാര്‍ത്ത മാത്രമായി ചുരുങ്ങിയെന്നും ഇന്ന് എല്ലാവരും അക്കാര്യം മറന്നുവെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, മദ്യപിക്കുന്നവര്‍ മരിക്കും എന്നാണ് അദ്ദേഹം നിയമസഭാ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞത്. നിതീഷിന്റെ ഈ പ്രസ്താവനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.