നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടല്‍ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയ നല്‍കിയ അപ്പീലുകള്‍ യെമന്‍ കോടതികള്‍ തള്ളിയതോടെ മെയന്‍ നിയമപ്രകാരം ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാന്‍ ആദ്യമൊന്നും തലാലിന്റെ കുടുംബം തയാറായില്ലെങ്കിലും നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് പിന്നീട് വഴങ്ങുകയായിരുന്നു.
advertisement
നിമിഷ പ്രിയയുടെ മോചനത്തിന് അപ്പീല്‍ നല്‍കാന്‍ കുടുംബത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നിമിഷയുടെ കുടുംബാംഗങ്ങള്‍ക്കും മോചനത്തിന് വേണ്ടിയുള്ള ആക്ഷന്‍ കൗണ്‍സിലിനും മെയനിലേക്ക് പോകുന്നതിനുള്ള യാത്രാനിയന്ത്രണം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആണ് നേതൃത്വം നൽകുന്നത്. നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗൺസിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാന്‍ തീരുമാനിച്ചത്. മനഃപൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്‍റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
