''പരിശോധനാ ഫലങ്ങള്‍ അനുസരിച്ച് സാംപിളുകളില്‍ ഒന്നിലും ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിട്ടില്ല. ഇവ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന വസ്തുക്കളാണ്,'' ദേശീയ ഏജന്‍സികളുടെ സംയുക്ത സംഘം നടത്തിയ വിശകലനം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
ഗുരുതരമായ വൃക്കതകരാറിന് കാരണമാകുന്ന വിഷ രാസവസ്തുവാണ് ഡിഇജി. 2020ല്‍ ജമ്മുവില്‍ വിഷാംശമടങ്ങിയ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് 12 കുട്ടികള്‍ മരിച്ചിരുന്നു. 2022ല്‍ ഗാംബിയയില്‍ കുറഞ്ഞത് 70 കുട്ടികളെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മരണങ്ങള്‍ ഡിഇജി ചേര്‍ത്ത ഇന്ത്യന്‍ സിറപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു.
advertisement
മധ്യപ്രദേശിലും രാജസ്ഥാനിലും അടുത്തിടെയുണ്ടായ കുട്ടികളുടെ മരണങ്ങള്‍ കഫ് സിറപ്പ് ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവന നടത്തിയത്.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി കഫ് സിറപ്പ് കഴിച്ച 11 കുട്ടികളാണ് മരണമടഞ്ഞത്. ഈ സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി)യിലെ ഒരു സംഘം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഒരു വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വൃക്കയില്‍ അണുബാധ, അനൂരിയ(മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ) എന്നിവയുള്‍പ്പെടെ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) എന്നിവയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു സംഘം സംസ്ഥാനം സന്ദര്‍ശിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ഒന്നിലധികം സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
മധ്യപ്രദേശ് സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തില്‍ മൂന്ന് സാംപിളുകള്‍ സ്വതന്ത്രമായി പരിശോധിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ വിഷാംശം കണ്ടെത്താനായില്ലെന്ന് അവര്‍ അറിയിച്ചു.
''കുട്ടികള്‍ മരണപ്പെടാനുണ്ടായ കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. രോഗകാരണം കണ്ടെത്തുന്നതിനായി രക്തം/സിഎസ്എഫ് സാമ്പിളുകള്‍ എന്‍ഐവി പൂനെയില്‍ പരിശോധിച്ചു. ഒരു കേസില്‍ ലെപ്‌റ്റോസ്‌പൈറോസിസ് പോസ്റ്റീവാണെന്ന് കണ്ടെത്തി,'' മന്ത്രാലയം പറഞ്ഞു.
എന്‍സിഡിസി, എന്‍ഐവി, ഐസിഎംആര്‍, എയിംസ് നാഗ്പൂര്‍, സംസ്ഥാന ആരോഗ്യ അധികൃതര്‍ എന്നിവരില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു സംയുക്ത സംഘം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ക്ക് പിന്നിലെ എല്ലാ കാരണങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
കുട്ടികളുടെ ചുമ സിറപ്പുകളുടെ ഉപയോഗം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡിജിഎച്ച്എസ്) നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കുട്ടികളിലെ മിക്ക ചുമയും സ്വയം ഭേദമാകുന്നതാണ്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നൽക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന കുട്ടികളില്‍ പോലും അത്തരം മരുന്നുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും ഡിജിഎച്ച്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍, പിഎച്ച്‌സികള്‍, സിഎച്ച്‌സികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ഈ മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.