രാഷ്ടപ്രതിഭവനിൽനിന്നു പടിയിറങ്ങുന്നതിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘എല്ലാ സഹപൗരന്മാരോടും നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. രാജ്യത്തുടനീളമുള്ള എന്റെ സന്ദർശനങ്ങളിൽ പൗരന്മാരുമായുള്ള
എന്റെ ഇടപെടലുകളിൽ നിന്ന് എനിക്ക് പ്രചോദനവും ഊർജ്ജവും ലഭിച്ചിട്ടുണ്ട്. സായുധ സേനകളിലെയും അർധസൈനിക വിഭാഗങ്ങളിലെയും പൊലീസിലെയും നമ്മുടെ ധീര ജവാന്മാരെ കാണാൻ അവസരം ലഭിച്ച സന്ദർഭങ്ങൾ ഞാൻ പ്രത്യേകം വിലമതിക്കുന്നു. അവരുടെ ദേശസ്‌നേഹ തീക്ഷ്ണത വിസ്മയിപ്പിക്കുന്നതും പ്രചോദനം നൽകുന്നതുമാണ്.
കാൻപുർ ദേഹത് ജില്ലയിലെ പരുങ്ക് ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന റാം നാഥ് കോവിന്ദ് ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഇതിനു കാരണം രാജ്യത്തിന്റെ ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനമാണ്. അതിനെ ഞാൻ അഭിവാദ്യം ചെയ്യുന്നു. രാഷ്ട്രപതിയായ സമയത്ത് എന്റെ ജന്മഗ്രാമം സന്ദർശിക്കുകയും കാൻപുർ സ്‌കൂളിലെ പ്രായമായ അധ്യാപകരുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്‌തത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നാണ്.
advertisement
നമ്മുടെ വേരുകളോടു ബന്ധം പുലർത്തുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രത്യേകതയാണ്. സ്വന്തം ഗ്രാമവുമായോ നഗരവുമായോ അവരുടെ സ്‌കൂളുകളുമായും അധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ പാരമ്പര്യം തുടരാൻ ഞാൻ യുവതലമുറയോട് അഭ്യർഥിക്കുന്നു.’– രാഷ്ട്രപതി പറഞ്ഞു.
ജവഹർലാൽ നെഹ്റുവും അംബേദ്‌കറും അടക്കമുള്ളവരുടെ സംഭാവനകളെ രാഷ്ട്രപതി അനുസ്മരിച്ചു. തിങ്കളാഴ്ചയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നത്.
രാവിലെ പത്തിന് ദ്രൗപദി മുർമു രാജ്യത്തിന്റെ 15–ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.