സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധമാണ് പാക് അധീന കശ്മീരിൽ ഇപ്പോൾ നടക്കുന്നത്. വ്യാപാരികളുടെയും അഭിഭാഷകരുടെയും സിവിൽ ഗ്രൂപ്പുകളുടെയും കൂട്ടായ്മയായ അവാമി ആക്ഷൻ കമ്മിറ്റിയും (എഎസി) പാകിസ്ഥാൻ അധികൃതരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മുസാഫറാബാദ്, മിർപൂർ, കോട്‌ലി, റാവലക്കോട്ട്, നീലം വാലി എന്നിവിടങ്ങളിലെ ആയിരക്കണക്കിന് നിവാസികൾ തെരുവിലിറങ്ങി. ദൈനംദിന ജീവിതം സ്തംഭിപ്പിച്ചുകൊണ്ട് എഎസി ഷട്ട്ഡൗൺ,പണിമുടക്ക് എന്നിവ നടത്തി പ്രതികരിച്ചു.
പാക്കിസ്ഥാൻ സൈന്യം പ്രകടനക്കാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം സ്തംഭിച്ചു.
advertisement
പ്രതിഷേധക്കാർ ഉന്നയിച്ച 38 ഇന ആവശ്യങ്ങളുടെ ഒരു വലിയ പട്ടികയാണ് പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദു. സബ്‌സിഡി നിരക്കിലുള്ള മാവ്, പഞ്ചസാര, നെയ്യ്, ന്യായമായ വൈദ്യുതി താരിഫ്, പ്രാദേശിക ജലവൈദ്യുതിയുടെ ലഭ്യത തുടങ്ങിയ അതിജീവന പ്രശ്‌നങ്ങളിലാണ് പല ആവശ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാകിസ്ഥാനിലെ അഭയാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കുക, വരേണ്യവർഗത്തിന്റെ പ്രത്യേകാവകാശങ്ങൾ നിയന്ത്രിക്കുക, അഴിമതിയും രാഷ്ട്രീയ സംരക്ഷണവും പരിഹരിക്കുന്നതിന് ജുഡീഷ്യറി പരിഷ്കരിക്കുക എന്നിവയുൾപ്പെടെ മറ്റ് രാഷ്ട്രീയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.