സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മഹത്തായ പരിഷ്കാരങ്ങളാണ് ജിഎസ്ടി നിരക്കുകൾ കുറച്ചതെന്ന് ഗോയൽ പ്രശംസിച്ചു. കഴിഞ്ഞ 56 വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും പരിവർത്തനാത്മകമായ ഒരു ചുവടുവയ്പ്പായിട്ടാണ് ഇതിനെ കാണുന്നത്. 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഒരു യാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു.
advertisement
തകർന്ന സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ മുൻനിര അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറ്റിയെടുത്തതിന് ഗോയൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. 2047-ഓടെ ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്നും ഗോയൽ വ്യക്തമാക്കി.
മധ്യവർഗത്തിന് സഹായകരമായ ജിഎസ്ടി
ജിഎസ്ടി നിരക്കുകൾ കുറച്ചത് സാധാരണകാർക്ക വലിയ ആശ്വാസമാണ് നൽകിയത്. ഇത് റിയൽ എസ്റ്റേറ്റ്, വീട് നിർമ്മാണം എന്നിവയുടെ ചിലവ് കുറച്ചു. കൂടാതെ, ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞത് സാധാരണക്കാർക്ക് അവ വാങ്ങാൻ സഹായിച്ചു. പലിശ നിരക്കുകൾ കുറഞ്ഞതും, ബാങ്കിംഗ് സംവിധാനം മെച്ചപ്പെട്ടതും ഇതിന് സഹായകമായി. അടുക്കള സാധനങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും കുറഞ്ഞ വിലയിൽ ലഭ്യമായത് വീട്ടമ്മമാർക്ക് വലിയൊരു ആശ്വാസമാണ് നൽകിയത്.
വരുമാനം വർധിക്കും
ജിഎസ്ടി നിരക്കുകൾ കുറച്ചെങ്കിലും രാജ്യത്തിൻ്റെ വരുമാനം വർധിക്കുമെന്ന് ഗോയൽ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ ആവശ്യം വർധിക്കുന്നതോടെ വരുമാനം കൂടും. നിലവിൽ എല്ലാ മാസവും 2 ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനം ലഭിക്കുന്നുണ്ടെന്നും ഇത് ഇനിയും വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിർജീവമായ സമ്പദ്‌വ്യവസ്ഥ’: രാഹുൽ ഗാന്ധിയുടെ വിമർശനം
ഡൊണാൾഡ് ട്രംപിൻ്റെ 'നിർജീവമായ സമ്പദ്‌വ്യവസ്ഥ' എന്ന പരാമർശത്തെ പിന്തുണച്ച രാഹുൽ ഗാന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അറിവില്ലെന്ന് ഗോയൽ വിമർശിച്ചു. അദ്ദേഹം ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഗോയൽ പറഞ്ഞു. തുടർച്ചയായി മൂന്ന് തവണ ജനങ്ങൾ അദ്ദേഹത്തെ തിരസ്കരിച്ചെന്നും, കോൺഗ്രസ് ഭരണകാലം അഴിമതികളാൽ നിറഞ്ഞതായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
വിപണി സുരക്ഷിതമായ കൈകളിൽ
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിപണി സുരക്ഷിതമാണെന്ന് ഗോയൽ ഉറപ്പ് നൽകി. ഇന്ത്യ മികച്ച ഭാവിക്കായി ഒരുങ്ങുകയാണെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ വർധനവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ കൂട്ടിയത് ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്ന് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും അമേരിക്കയും സുഹൃത്തുക്കളും സഖ്യകക്ഷികളുമാണ്, ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയുമായി ഒരു വ്യാപാര കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി.