"നവരാത്രിയുടെ ആദ്യ ദിവസം മുതൽ, രാജ്യം ആത്മനിർഭർ ഭാരതത്തിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. നാളെ സൂര്യോദയത്തോടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കും. 'ജിഎസ്ടി ബചത് ഉത്സവ്' ആരംഭിക്കും, ഇത് നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കും," പ്രധാനമന്ത്രി മോദി പറഞ്ഞു.
"വില കുറയ്ക്കുക മാത്രമല്ല, പുതിയ അവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണ് ഈ പരിഷ്കാരം. നമ്മുടെ മധ്യവർഗത്തിന്റെ സമ്പാദ്യം വർദ്ധിക്കും, നമ്മുടെ യുവാക്കൾക്ക് പ്രയോജനം ലഭിക്കും, മുഴുവൻ സമ്പദ്‌വ്യവസ്ഥയും ശക്തി പ്രാപിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങളും വ്യാപാരികളും വിവിധ നികുതികളുടെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ജിഎസ്ടി നടപ്പിലാക്കുന്നതിനു മുമ്പുള്ള പരോക്ഷ നികുതി സമ്പ്രദായത്തിലെ സങ്കീർണതകൾ കൂടുതൽ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജിഎസ്ടി പരിഷ്കരണം ഒരു പുതിയ ചരിത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി പരിഷ്കാരങ്ങൾ മൂലം ഈ വർഷം പൗരന്മാർക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിയുമെന്നും നാളെ മുതൽ 5, 18 ശതമാനം ജിഎസ്ടി സ്ലാബുകൾ മാത്രമേ രാജ്യത്തുണ്ടാകൂ എന്നു അദ്ദേഹം പറഞ്ഞു.